തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതില്‍ 60000ത്തോളം വീടുകള്‍ പട്ടികവിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമാണ്. ഭൂരഹിതരും ഭവനരഹിതരായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കായിരിക്കും ഈ ഘട്ടത്തില്‍ മുന്‍ഗണന. അവരില്‍ 20000 പേര്‍ക്ക് ഇതിനകം ഭൂമി ലഭ്യമായിട്ടുണ്ടെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് 185 കോടി രൂപ വകയിരുത്തി. ഭൂരഹിതര്‍ക്ക് 26 ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. 21 എണ്ണത്തിന് 2021-22ല്‍ തുടക്കംകുറിക്കും. മൊത്തം 6000 കോടി രൂപ ലൈഫ് പദ്ധതിക്കു വേണ്ടിവരും. 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമൊഴിച്ച് ബാക്കി കെയുആര്‍ഡിഎഫ്സി വഴി വായ്പയെടുക്കും.
ലൈഫിനു വേണ്ടിയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ തിരിച്ചടവു ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയില്‍ എത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സര്‍ക്കാര്‍ വഹിക്കും.
ഹൗസിംഗ് ബോര്‍ഡു വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 20 കോടി രൂപയും മറ്റു സ്കീമുകള്‍ക്ക് 23 കോടി രൂപയും വകയിരുത്തും.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ പ്രാഥമികാരോഗ്യതലത്തിലെ പരിവര്‍ത്തനം പൂര്‍ത്തിയാവുകയാണെന്ന് മന്ത്രി പറഞ്ഞു. ഇനി എല്ലായിടത്തും ഉച്ചകഴിഞ്ഞും ഒപിയുണ്ടാകും. ലാബും ഫാര്‍മസിയുമുണ്ടാകും. 90 ശതമാനത്തിലധികം മാര്‍ക്കോടുകൂടി 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തില്‍ നിന്നും ദേശീയ അക്രഡിറ്റേഷന് കരസ്ഥമാക്കിയത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.
അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേയ്ക്ക് മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീമുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ഇത് നടപ്പാക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് 16.2 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. 941 കോടി രൂപ ചെലവഴിച്ചു. 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്കു കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യമായി ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി ഈ സ്കീമിനു കീഴില്‍ നടപ്പാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.