ലൈഫ് മിഷൻ പദ്ധതി: സംസ്ഥാനത്ത് 12,067 വീടുകൾ കൈമാറി

news image
Sep 18, 2021, 3:40 pm IST

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച 12,067 വീടുകൾ ശനിയാഴ്ച കൈമാറി. വീടുകളുടെ താക്കോൽദാന ചടങ്ങ്​ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്​ഘാടനം ചെയ്​തു.

ഭവനരഹിതരില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ ഉറപ്പാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ആ മഹത്തായ ലക്ഷ്യത്തിലേക്ക് അടിയുറച്ച കാൽവെപ്പുകളാണ്​ നടത്തുന്നത്​. വരുന്ന അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിർമിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നൂറുദിന കർമപരിപാടിയില്‍ ഉള്‍പ്പെടുത്തി 12,067 വീടുകളുടെ നിർമാണമാണ് കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കിയത്​. ഇതില്‍ 10,058 വീടുകള്‍ ലൈഫ് മിഷന്‍ മുഖേനയും 2,009 വീടുകള്‍ പി.എം.എ.വൈ (നഗരം) പദ്ധതി മുഖേനയുമാണ് നിർമിച്ചത്. ഇവയില്‍ 7832 വീടുകള്‍ ജനറല്‍ വിഭാഗത്തിനും 3358 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും 606 വീടുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 271 വീടുകള്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചത്.

 

ലൈഫ് മിഷന്‍റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2207 യൂനിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന്​ പുറമെ 17 ഭവനസമുച്ചയങ്ങള്‍ നിർമിക്കാനുള്ള നടപടികൂടി സ്വീകരിച്ചിട്ടുണ്ട്. വരുന്ന അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിർമിക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe