ലോകായുക്തയ്ക്കു മുന്നില്‍ ബിന്ദുവിനെതിരായ ഹര്‍ജി ഒന്നിന് ; മുഖ്യമന്ത്രിക്കെതിരെ നാലിന്

news image
Jan 28, 2022, 7:12 am IST payyolionline.in

തിരുവനന്തപുരം : മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി ഫെബ്രുവരി ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങള്‍ക്കുമെതിരായ ഹര്‍ജി ഫെബ്രുവരി 4 നും ലോകായുക്ത പരിഗണിക്കും. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിവാദമായിരിക്കെ ഇവ രണ്ടും ശ്രദ്ധേയമാണ്.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടു മന്ത്രി ബിന്ദുവിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് ഒന്നിനു പരിഗണിക്കുന്നത്. വിസിയെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ടു ഗവര്‍ണര്‍ക്കു മന്ത്രി കത്തുകള്‍ നല്‍കിയത് അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെന്നാണു പരാതി.

 

ഇതില്‍ സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്. അന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതു ഹാജരാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ചട്ടം മറികടന്നു വേണ്ടപ്പെട്ടവര്‍ക്കു പണം നല്‍കിയെന്ന ഹര്‍ജിയാണു നാലിന് വരിക.

എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ മരിച്ചതിനു പിന്നാലെ മക്കളുടെ പഠനത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത്, ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തിനു പിന്നാലെ സ്വര്‍ണപ്പണയം തിരികെയെടുക്കാന്‍ 8 ലക്ഷം രൂപയും കാര്‍ വായ്പ അടച്ചു തീര്‍ക്കാന്‍ 6 ലക്ഷം രൂപയും നല്‍കിയത്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞു മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ക്കു പുറമേ ദുരിതാശ്വാസ നിധിയില്‍നിന്ന് 20 ലക്ഷം രൂപ നല്‍കിയത് എന്നിവയാണു ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

 

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായിരുന്ന എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കെ.ടി.ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം.മണി, മാത്യു ടി.തോമസ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി.മൊയ്തീന്‍, കെ.രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണന്‍, സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ, ജി.സുധാകരന്‍, പി.തിലോത്തമന്‍, ടി.എം.തോമസ് ഐസക് എന്നിവരായിരുന്നു ഈ തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്.

ദുരിതം അനുഭവിക്കുന്നവര്‍ക്കു നല്‍കാനുള്ള പണം സര്‍ക്കാരിനു വേണ്ടപ്പെട്ടവര്‍ക്കു ചട്ടം മറികടന്നു നല്‍കിയെന്നാണു ഹര്‍ജിയിലെ ആരോപണം. കേരള സര്‍വകലാശാലയില്‍നിന്നു ബിരുദവും വിയറ്റ്‌നാം സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റും കിട്ടിയെന്ന വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെ അവകാശവാദം ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe