ലോകായുക്ത ഓര്‍ഡിനന്‍സ് ; ഗവര്‍ണറുടെ തീരുമാനം വൈകും

news image
Jan 28, 2022, 7:07 am IST payyolionline.in

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് സംബന്ധിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുക്കാന്‍ വൈകും. ഇന്നലെ വൈകുന്നേരത്തോടെ ട്രെയിനില്‍ കൊച്ചിയിലേക്കു പോയ ഗവര്‍ണര്‍ ഇന്നു ലക്ഷദ്വീപിലേക്കു തിരിക്കും. ഒന്നാം തീയതി മടങ്ങിയെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. ഓര്‍ഡിനന്‍സ് സംബന്ധിച്ചു പരസ്യ പ്രതികരണത്തിന് ഇല്ലെന്നു ഗവര്‍ണര്‍, മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ചോദ്യങ്ങള്‍ രാജ്ഭവന്‍ പിആര്‍ഒ വഴി എഴുതി നല്‍കിയാല്‍ രേഖാമൂലം ഓഫിസില്‍നിന്നു മറുപടി ലഭിക്കുമെന്നും വ്യക്തമാക്കിയ ശേഷമാണ് കൊച്ചിയിലേക്കു പോയത്. മാധ്യമപ്രവര്‍ത്തകരോടു താന്‍ പറയുന്ന പല കാര്യങ്ങളും ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന പരാതിയാണ് അദ്ദേഹത്തിനുള്ളത്.

നിലവിലുള്ള ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന സര്‍ക്കാര്‍ വാദം ശരിയാണോ, നിയമഭേദഗതി ലോകായുക്തയുടെ ചിറകരിയാനാണോ, നിയമ ഭേദഗതിക്കു രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണോ തുടങ്ങിയ കാര്യങ്ങളില്‍ നിയമ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുക. യുഡിഎഫ് നേതാക്കളുടെ സംഘം ഇന്നലെ അദ്ദേഹത്തെ സന്ദര്‍ശിച്ചു ചൂണ്ടിക്കാട്ടിയ എല്ലാ നിയമ പ്രശ്‌നങ്ങളും വിശദമായി പരിശോധിക്കും.ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും കാലിക്കറ്റ് സര്‍വകലാശാല വിരമിച്ച അധ്യാപകര്‍ക്ക് പ്രഫസര്‍ പദവി നല്‍കുന്നതു മന്ത്രി ആര്‍.ബിന്ദുവിനു വേണ്ടിയാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി നല്‍കിയ പരാതി അദ്ദേഹം ഇതുവരെ പരിഗണനയ്ക്ക് എടുത്തിട്ടില്ല. ഇത്തരം പരാതി ലഭിച്ചാല്‍ സര്‍വകലാശാലയോടു വിശദീകരണം തേടുന്നതാണു കീഴ്വഴക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe