ജയ്പൂർ: രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നു. രാഷ്ട്രീയ കാരണങ്ങളാൽ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെന്‍റ് അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു.
രാവിലെ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച അദ്ദേഹം ഉച്ചയോടെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിലെ 25-ൽ 15 സീറ്റുകളിലേക്കും ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി.
തനിക്ക് സീറ്റ് നിഷേധിച്ചതിൽ വിമർശനവുമായി നേരത്തെ അദ്ദേഹം രംഗത്തെത്തിയിരുന്നു. എന്താണ് താൻ ചെയ്ത കുറ്റമെന്നും പ്രധാനമന്ത്രിയുടെ എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതിൽ മുൻപന്തിയിലായിരുന്നു. മറ്റെന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ചുരു ലോക്‌സഭാ മണ്ഡലത്തെ 10 വർഷം സേവിക്കാൻ അവസരം നൽകിയതിന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് കസ്വാൻ നന്ദി പറഞ്ഞു.