ലോക്സഭ സ്പീക്കർ തെരഞ്ഞെടുപ്പിന് ഇനി 6ദിവസം ബാക്കി,വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കാൻ സഖ്യകക്ഷികളോട് ബിജെപി

news image
Jun 19, 2024, 11:23 am GMT+0000 payyolionline.in
ദില്ലി: ലോക്സഭ സ്പീക്കറുടെ കാര്യത്തിൽ സമവായത്തിലെത്താനാകാതെ എൻഡിഎ .  സ്പീക്കർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതില്‍ വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കാൻ സഖ്യകക്ഷികളോട് ബിജെപി   ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിന് 6 ദിവസം മാത്രമേ ശേഷിക്കുമ്പോള്‍ ആര് സ്പീക്ക‌റാകും എന്നതില്‍ ഇനിയും എൻഡിഎയില്‍ തീരുമാനമായിട്ടില്ല.ബിജെപി എംപി തന്നെ സ്ഫീക്കർ സ്ഥാനം വഹിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം.  സഖ്യകക്ഷികളില്‍ നിന്ന് ജെഡിയു ഉള്‍പ്പെടെയുള്ള പാർട്ടികളും ഇതിനെ പിന്തുണക്കുന്നുണ്ട്. മുന്‍ ലോക്സഭ സ്പീക്കർ ഓം ബിർളയുടേത് അടക്കമുള്ള പേരുകളാണ് നേതൃത്വത്തിന്‍റെ പരിഗണനയില്‍ ഉള്ളത്.  എന്നാല്‍ എൻഡിഎ മുഖമായിരിക്കണം സ്പീക്ക‌ർ പദവിയില്‍ വേണ്ടതെന്ന നിലപാടില്‍ തന്നെയാണ് ടിഡിപി.

കഴിഞ്ഞ ദിവസം രാജ്നാഥ് സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍  ആരുടെയും പേര് ഉയർന്ന് വന്നില്ലെന്നാണ് വിവരം. വെള്ളിയാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്ന് ഘടകക്ഷികളോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി എംപി തന്നെ സ്പീക്കർ പദവിയില്‍ വേണമെന്ന തീരുമാനത്തില്‍ ബിജെപി ഉറച്ച് നില്‍ക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  ചന്ദ്രബാബു നായിഡുവുമായി സംസാരിക്കാൻ സാധ്യതയുണ്ട്.  ഡെപ്യൂട്ടി സ്പീക്കർ പദവി എൻഡിഎ കക്ഷികള്‍ക്ക് നല്‍കുകയെന്ന ഫോര്‍മുലയും ചർച്ചയിലുണ്ടെന്നാണ് വിവരം. ഘടകക്ഷികള്‍ക്ക് സ്പീക്കർ പദവി നല്‍കാൻ ബിജെപി തയ്യാറാകുന്നില്ലെങ്കില്‍  സ്പീക്കർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ല നീക്കം ഇന്ത്യ സഖ്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകും.

 

തിങ്കളാഴ്ച  തുടങ്ങുന്ന പാർലമെന്‍റിന് മുന്നോടിയായി ചേരുന്ന ഇന്ത്യ സഖ്യ യോഗത്തില്‍ ഇക്കാര്യത്തില്‍ ചർ‍ച്ച നടക്കും. അതേസമയം  400 സീറ്റെന്ന പ്രഖ്യാപനത്തിന് കനത്ത തിരിച്ചടിയേറ്റ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താനുള്ള നീക്കത്തിലാണ് ബിജെപി . പാര്‍ട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പില്‍ എത്രത്തോളം സജീവമായിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകള്‍ തിരിച്ചടിക്ക് കാരണമായോ തുടങ്ങി എവിടെയൊക്കെ പിഴവുകളുണ്ടായെന്ന് കണ്ടെത്താനാണ് ബിജെപി നീക്കം. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ അയോധ്യയില്‍ തന്നെ ബിജെപി തോറ്റതും പ്രത്യേകം പരിശോധിക്കും. ബിജെപി യുപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയാകും അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെ തോല്‍വിയിലെ കാരണങ്ങള്‍ അന്വേഷിക്കുക. അമേഠിയിലെ തോല്‍വിയും അധ്യക്ഷൻ വിലയിരുത്തും. ചുമതലക്കാരില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ കേന്ദ്ര സംസ്ഥാന നേതാക്കളും ആർഎസ്എസ് നേതാക്കളുമായും വിശാല യോഗം നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe