ലോറിയില്‍ കടത്തിയ ഒരുകോടി രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി

news image
Jan 16, 2023, 4:10 am GMT+0000 payyolionline.in

എടപ്പാള്‍: ബിസ്കറ്റിന്റെ മറവില്‍ ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി. രണ്ട് ലോറികളില്‍നിന്നായി 1.5 ലക്ഷത്തോളം പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് ശനിയാഴ്ച രാത്രി പത്തിന് വട്ടംകുളത്തുനിന്ന് പിടികൂടിയത്.തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എടപ്പാൾ-പട്ടാമ്പി റോഡിൽനിന്ന് പൊലീസുമായി ചേർന്ന് പിടികൂടിയത്. ഇവക്ക് മാര്‍ക്കറ്റില്‍ ഒരുകോടി രൂപയോളം വിലവരും.

 

പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44), വല്ലപ്പുഴ കാളപറമ്പില്‍ അലി (47), തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍ കിഴക്കുംകര ഷമീര്‍ (38) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഗോഡൗണ്‍ ഉടമ വെളിയങ്കോട് സ്വദേശി ഷൗക്കത്തിനെ പിടികൂടാനുണ്ട്. ബിസ്കറ്റ് ഗോഡൗണിന്റെ മറവില്‍ നിരോധിത പുകയില ഉൽപന്നങ്ങള്‍ വന്‍തോതില്‍ ഇതിനകം മാര്‍ക്കറ്റില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ജില്ല എക്സൈസ് കമീഷണർ താജുദ്ദീൻ കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർമാരായ ഷിജു മോൻ, ഷെഫിക് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe