വടകര∙ വടകരയില്‍നിന്നു കാണാതായ യുവാവ് മരിച്ച നിലയില്‍. അറക്കിലാട്ട് സ്വദേശി ശ്രീജേഷിനെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച ശ്രീജേഷിനു പൊലീസിന്‍റെ സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ശ്രീജേഷ് ഉച്ചയ്ക്ക് വീട്ടില്‍ എത്താതിരുന്നതോടെയാണ് വീട്ടുകാരും ബന്ധുകളും തിരഞ്ഞിറങ്ങുന്നത്. ഒരു രാത്രി മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ ഒരു വീടിനു മുന്നില്‍ ശ്രീജേഷിന്‍റെ ബൈക്ക് കണ്ടെത്തിയ ബന്ധുക്കള്‍ പരിസരപ്രദേശങ്ങളില്‍ അന്വേഷിച്ചു. മരപ്പണിക്കാരനായ ശ്രീജേഷ് ബൈക്ക് കണ്ടെത്തിയ സ്ഥലത്തിനു സമീപത്തായി നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിക്കെത്തിയിരുന്നു. ഇത് മനസിലാക്കിയ ബന്ധുക്കള്‍ വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ശ്രീജേഷിന്‍റെ മൃതശരീരം കണ്ടെത്തുന്നത്.
വീടിന്‍റെ വാതില്‍ ഉള്ളില്‍നിന്ന് ഏണി ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിന് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞ സംഭവവുമായി മരണത്തിന് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. മുൻപ് എപ്പോഴെങ്കിലും ചെയ്ത നിയമലംഘനത്തിന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ചൊവ്വാഴ്ച അയച്ചതാകാം എന്നാണ് പൊലീസിന്‍റെ വിശദീകരണം. ശ്രീജേഷിന്‍റെ മൃതദേഹം പൊസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)