വടക്കൻ കൊറിയയിൽ അതിതീവ്ര കൊവിഡ് വ്യാപനം;12 ലക്ഷം പനിബാധിതർ

news image
May 16, 2022, 7:25 pm IST payyolionline.in

കൊറിയ:  ലോകം മുഴുവൻ കൊവിഡ് വ്യാപിച്ച് രണ്ടര വർഷത്തോടടുക്കുമ്പോൾ മാത്രമാണ് കൊവിഡ് മഹാമാരി സ്ഥിരീകരിച്ചെന്ന് വടക്കൻ കൊറിയ സമ്മതിക്കുന്നത് പോലും. ഇപ്പോൾ 12 ലക്ഷം പേരെങ്കിലും പനിബാധിതരാണെന്നാണ് കൊറിയൻ ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്. പനി ബാധിച്ച് 50 പേർ മരിക്കുകയും ചെയ്തു.

ഇതെല്ലാം കൊവിഡ് വ്യാപനം മൂലമാണെന്ന് തുറന്നു സമ്മതിക്കാൻ ഇപ്പോഴും മടിക്കുകയാണ് ഭരണകൂടം. വാക്സീൻ വിതരണം ചെയ്തിട്ടില്ലാത്ത രാജ്യത്ത്, കൊവിഡ് അതിവേഗം വ്യാപിക്കുമെന്ന ആശങ്ക നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർക്കുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും വലിയ വിപത്തെന്നാണ് രാഷ്ട്രത്തലവൻ കിം ജോങ് ഉൻ കൊവിഡ് വ്യാപനത്തെ വിശേഷിപ്പിച്ചത്. രാജ്യത്തെ കൊവിഡ് വ്യാപനം വിലയിരുത്തിയ കിം ജോങ് ഉൻ മരുന്നുകളുടെ വിതരണം കാര്യക്ഷമമല്ലെന്ന് പറഞ്ഞ് ആരോഗ്യപ്രവർത്തകരെ ശാസിക്കുകയും ചെയ്തു. നിരുത്തരവാദപരമായ സമീപനമാണ് ജീവനക്കാരുടേതെന്നാണ് വിമർശനം. മരുന്നുകൾ ജനങ്ങളിലേക്ക് വേഗത്തിലും കൃത്യതയോടെയും എത്തുന്നില്ലെന്നും കിം വിലയിരുത്തി. സാഹചര്യം വേണ്ട വിധം കൈകാര്യം ഫാർമസികൾ സജ്ജരല്ലെന്നും കിം വിമർശിച്ചു. മരുന്നിന്‍റെയും മറ്റ് മെഡിക്കൽ സാമഗ്രികളുടെയും നീക്കം ഏകോപിപ്പിക്കാൻ ഉടനടി സൈന്യത്തെ രംഗത്തിറക്കിറക്കുകയും ചെയ്തു.

തലസ്ഥാന നഗരത്തിലെ ചില ഫാർമസികൾ കിം സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. പരിശോധനാ സംവിധാനങ്ങളും കുറവാണ് കൊറിയയിൽ. അതുകൊണ്ട് തന്നെ ലക്ഷണങ്ങളുള്ള മുഴുവൻ പേരിലും പരിശോധന നടക്കുന്നുമില്ല. കണക്കുകൾ കൃത്യമായി പുറത്തുവിടാത്തത് കൊണ്ടുതന്നെ വ്യാപനം എത്രമാത്രം രൂക്ഷമാണെന്നതിൽ വ്യക്തതയൊന്നുമില്ല. വ്യാപനം തടയുന്നതിന്‍റെ ആദ്യപടിയായി കഴിഞ്ഞ ആഴ്ച തന്നെ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe