വയനാട്ടിലെ വോട്ടർമാരെ കാണാൻ രാഹുൽ ഗാന്ധി; എല്ലാ വീട്ടിലും കത്ത് എത്തിക്കും

news image
Mar 31, 2023, 2:25 am GMT+0000 payyolionline.in

തിരുവനന്തപുരം∙ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി തന്റെ സ്വന്തം വയനാട്ടിലെ ജനങ്ങളെ കാണാനെത്തുന്നു. വൈകാരികമായ അന്തരീക്ഷത്തിൽ വൻ സമ്മേളനം വയനാട്ടിൽ സംഘടിപ്പിക്കാനാണു കോൺഗ്രസ് തയാറെടുക്കുന്നത്. തീയതി അന്തിമമായിട്ടില്ല. ഏപ്രിൽ അഞ്ച് ആണു പരിഗണിക്കുന്നത്. അതിനു മുൻപായി രാഹുലിന്റെ കത്തു വയനാട്ടിലെ എല്ലാ വീടുകളിലും കോൺഗ്രസ് എത്തിക്കും. സൂറത്ത് കോടതി വിധിയെ തുടർന്ന് എംപി സ്ഥാനം നഷ്ടമായശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വയനാട്ടിലെ വോട്ടർമാർക്കു കത്തെഴുതുമെന്നു രാഹുൽ അറിയിച്ചിരുന്നു.

കത്തിന്റെ കരട് തയാറായി. വയനാട്ടിലെ ജനങ്ങളോടുള്ള ഹൃദയബന്ധം പ്രതിപാദിക്കുന്ന കത്തിൽ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുളള മോദി സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു. എംപി ആണെങ്കിലും അല്ലെങ്കിലും കൂടെ ഉണ്ടാകും എന്ന ഉറപ്പു വോട്ടർമാർക്കു നൽകിയാണു കത്ത് ഉപസംഹരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നു വയനാട്ടിലെത്തും.

കർണാടകയിലെ കോലാറിൽ ഈ അഞ്ചിനു തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പങ്കെടുക്കുന്നുണ്ട്. ഇതേ കോലാറിലാണ് ഇപ്പോൾ അയോഗ്യതയ്ക്കു കാരണമായ പ്രസംഗം 2019ൽ രാഹുൽ നടത്തിയത്. ഈ യാത്രയോട് അനുബന്ധിച്ച് വയനാടും സന്ദർശിക്കാനാണ് ആലോചിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe