വയനാട്: മുട്ടിൽ മരം മുറിയിൽ കേസിൽ ആരോപണവിധേയനായ മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ ഈട്ടി മരങ്ങൾ മുറിച്ചു മാറ്റാൻ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് സഹായം നൽകിയതിനാണ് കേസിൽ പ്രതി ചേർത്തത്. വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലിൽ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ മുട്ടിൽ വില്ലേജ് സ്പെഷൽ ഓഫീസർ കെ ഒ സിന്ധുവിനെ ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല.