വയനാട് മുത്തങ്ങ ലഹരിമരുന്ന് കേസിലെ പ്രതികളോട് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; അന്വേഷണം തുടങ്ങി

news image
May 5, 2023, 1:04 am GMT+0000 payyolionline.in

സുൽത്താൻബത്തേരി: വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിൽ ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. എക്സൈസ് ചെക്പോസ്റ്റ് കടന്നെത്തി പൊലീസിന്റെ പിടിയിലായ യുവാക്കളാണ് ആരോപണം ഉന്നയിച്ചത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പുതല അന്വേഷണം തുടങ്ങി.

രണ്ട് ദിവസം മുൻപാണ് കർണാടകയിൽ നിന്ന് കാറിൽ വരികയായിരുന്ന മുനീർ, മുഹമ്മദ് ഷഹീർ എന്നിവരെ കഞ്ചാവ് ബീഡിയുമായി മുത്തങ്ങ ചെക്പോസ്റ്റിൽ പൊലീസ് പിടികൂടിയത്. മുത്തങ്ങയിലെ തന്നെ എക്സൈസിന്റെ ചെക്പോസ്റ്റ് കടന്നായിരുന്നു യുവാക്കൾ എത്തിയത്. പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കടത്തിവിട്ടതാണെന്ന ആരോപണം പ്രതികൾ ഉന്നയിച്ചത്. ബെംഗളൂരുവിൽ നിന്നും യുവാക്കൾ എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് വാങ്ങിയിരുന്നു. ഇത് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. എന്നാൽ കേസിൽ പെടാതിരിക്കണമെങ്കിൽ 10000 രൂപ നൽകണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി യുവാക്കൾ ആരോപിച്ചു. ഒടുവിൽ 8000 രൂപ നൽകിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

ഇക്കാര്യം പൊലീസ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. തുടർന്ന് എക്സൈസ് വകുപ്പിന് വിവരം കൈമാറി. പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടത്. പ്രിവന്റീവ്‌ എക്സൈസ്‌ ഓഫീസർ പ്രഭാകരനും സഹപ്രവർത്തകർക്കുമെതിരെയാണ്‌ ആരോപണം. സംഭവത്തിൽ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അബൂബക്കർ സിദ്ദീഖ് പ്രാഥമിക തെളിവെടുപ്പ് നടത്തി. എന്നാൽ പരാതിക്കാരായ യുവാക്കളുടെ വാഹനം ഏറെ നേരം പരിശോധിച്ചതിലുള്ള വൈരാഗ്യമാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെന്ന് ആരോപണ വിധേയർ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe