വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; ജോജു ജോർജിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നല്‍കും

news image
May 9, 2022, 8:20 pm IST payyolionline.in

തൊടുപുഴ: വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത  നടൻ ജോജു ജോർജ്ജിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജോയിൻറ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു. കെ എസ് യുവിൻറെ പരാതിയെ തുടർന്നാണ് നടപടി.

ജോജു ജോർജ്ജ്   അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡിൽ വാഹനം ഓടിക്കുന്നത്  സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസ്  മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി. ഇതേത്തുടർന്നാണ് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.  പരിപാടിയുടെ സംഘാടകർക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓഫ് റോഡ് അസ്സോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഇത്.  പൊതു സ്ഥമാണോ അതോ സ്വകാര്യ സ്ഥലത്താണോ എന്നത് സംബന്ഝിച്ചും പരിശോധന നടത്തും. മോട്ടോർ വാഹന വകുപ്പിൻറെ അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇടുക്കി ആർടിഒ പറഞ്ഞു.

ഇടുക്കിയിൽ ഓഫ് റോഡ് റെയ്സുകൾ കളക്ടർ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്. സംഭവം സംബന്ധിച്ച് ജോയിൻറ് ആർടിഒ യുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആർടിഒ പറഞ്ഞു. അതേ സമയം എല്ലാ വിധ സുരക്ഷ സംവിധനങ്ങളും ഒരുക്കിയിരുന്നുവെന്നും പരിചയ സമ്പന്നരായ ആളുകളാണ് വാഹനം ഓടിച്ചതെന്നും സംഘാടകർ പറഞ്ഞു. സ്വകാര്യ സ്ഥലമായതിനാൽ അനുമതി വാങ്ങേണ്ടതില്ലെന്നും ഇത്തരം സാഹസിക പരിപാടികൾക്ക് അനുമതി നൽകാൻ പ്രത്യേക സംവിധാനം ഇല്ലെന്നുമാണ് ഇവരുടെ പ്രതികരണം. ജോജുവിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സംഘാടക സമിതി അംഗമായ സുജീഷ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe