വാതിൽപ്പടി സേവനം സൂപ്പർ ഹിറ്റ്‌: കെഎസ്‌ഇബിക്ക്‌ നന്ദി അറിയിച്ച്‌ ജയറാം

news image
Feb 25, 2021, 12:31 pm IST

തിരുവനന്തപുരം:  ‘രാവിലെ അപേക്ഷ നൽകി, ഉച്ചതിരിയുംമുമ്പ്‌ വൈദ്യുതി കണക്‌ഷൻ ശരിയാക്കിത്തന്നതിൽ സന്തോഷം. വൈദ്യുതി ജീവനക്കാർക്ക്‌ നന്ദി’–-മലയാളികളുടെ പ്രിയനടൻ ജയറാമിന്റെ അംഗീകാരത്തിളക്കമുള്ള ഈ വാക്കുകൾ കെഎസ്‌ഇബിയുടെ വാതിൽപ്പടി സേവനപദ്ധതിക്കാണ്‌.

1912 നമ്പരിൽ വിളിച്ചാൽ കെഎസ്‌ഇബി സേവനങ്ങൾ ഉടൻ ലഭ്യമാക്കുന്ന വാതിൽപ്പടിയിൽ സേവനപദ്ധതി അടുത്തിടെയാണ്‌ കെഎസ്‌ഇബി ആരംഭിച്ചത്‌. സർവീസ്‌ കണക്‌ഷൻ അപേക്ഷയ്‌ക്കായാണ്‌ 1912 നമ്പരിൽ ജയറാം വിളിച്ചത്‌. രാവിലെ 10.30നായിരുന്നു ഇത്‌.  സർവീസ്‌ കണക്‌ഷൻ നൽകണമെന്നായിരുന്നു ആവശ്യം. ഒട്ടുംവൈകാതെ കെഎസ്‌ഇബി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റൈ പെരുമ്പാവൂരിലെ പുരയിടത്തിൽ എത്തി സ്ഥലപരിശോധന നടത്തി.

 

പണമടയ്‌ക്കാൻ നിർദേശിച്ചു. പണം അടച്ച ഉടൻ കണക്‌ഷനും നൽകി. ജയറാം ഹാപ്പി. അതിവേഗത്തിൽ ആവശ്യം നിറവേറ്റിത്തന്നതും അതിനുള്ള  ജയറാമിന്റെ നന്ദിവാക്കുകളും കെഎസ്‌ഇബി ഒഫിഷ്യൽ ഫെയ്‌സ്‌ ബുക്ക്‌ പേജിലിട്ടു. നിരവധി അഭിനന്ദനങ്ങളും കെഎസ്‌ഇബിയെ തേടിയെത്തി.

ആദ്യഘട്ടത്തിൽ 368 സെക്‌ഷനുകളിലാണ്‌ പദ്ധതി നടപ്പാക്കിയത്‌. എൽടി ഉപയോക്താക്കളും പുതുതായി എൽടി കണക്‌ഷന്‌ അപേക്ഷിക്കുന്നവരുമാണ്‌ ഗുണഭോക്താക്കൾ. ഉപഭോക്തൃ സേവനകേന്ദ്രത്തിലെ 1912 ടോൾ ഫ്രീ നമ്പരിൽ വിളിച്ച്‌ ആവശ്യം അറിയിച്ചാൽ അപേക്ഷ രജിസ്റ്റർ ചെയ്യും. അപേക്ഷയുടെ വിവരം കേന്ദ്രത്തിൽനിന്ന്‌ അതത്‌ സെക്‌ഷൻ ഓഫീസിലേക്ക്‌ കൈമാറും.

ഇവിടെയുള്ള ഉദ്യോഗസ്ഥർ സ്ഥലപരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ച്‌ സേവനം ലഭ്യമാക്കും. പുതിയ എൽടി കണക്‌ഷൻ, കണക്ടഡ്‌, കോൺടാക്ട്‌ ലോഡ്‌ മാറ്റം, ഫെയ്‌സ്‌ മാറ്റം, ഉടമസ്ഥാവകാശ മാറ്റം വൈദ്യുതി ലൈൻ, മീറ്റർ മാറ്റിസ്ഥാപിക്കൽ എന്നീ സേവനങ്ങളാണ്‌ ലഭിക്കുക. പദ്ധതി നിലവിൽ വരുന്നതോടെ കെഎസ്‌ഇബി ഓഫീസ്‌ കയറിയിറങ്ങാതെ ആവശ്യം സാധിക്കാൻ കഴിയും. അതിവേഗം സേവനം ലഭിക്കും. അപേക്ഷ രജിസ്റ്റർ ചെയ്യുമ്പോൾ ഫീസ്‌ ആവശ്യമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe