തിരുവനന്തപുരം : കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടമെടുപ്പിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരെ കേന്ദ്രത്തിനു സംസ്ഥാനം കത്തയച്ചു. കിഫ്ബിയും പെൻഷൻ കമ്പനിയും വഴി കേരളം കടമെടുത്ത 14,000 കോടി രൂപ, കേരളത്തിന് ആകെ കടമെടുക്കാൻ കഴിയുന്ന തുകയിൽ കിഴിവു ചെയ്യുമെന്ന അറിയിപ്പ് ഈ മാസം കേരളത്തിനു ലഭിച്ചിരുന്നു. ഇതിൽ കടുത്ത പ്രതിഷേധത്തിലാണു കേരളം. നടപടി പിൻവലിക്കണമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ നിലപാട് മാറ്റാന്‍ മറ്റുസംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങുമെന്ന് ബാലഗോപാല്‍ പറഞ്ഞു. ഈ 2 സ്ഥാപനങ്ങൾ വഴിയുള്ള കടമെടുപ്പ് കേന്ദ്ര സർക്കാർ വെട്ടിയതിനെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രസ്താവന നടത്തുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണു നടപടിയെന്ന് കത്തില്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളെ ഒരുമിപ്പിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും കേരളം മുന്നിട്ടിറങ്ങും. സ്വന്തമായി വരുമാനം ലഭിക്കാത്ത പദ്ധതികള്‍ക്ക് വായ്പ നല്‍കേണ്ട എന്ന് പൊതുമേഖലാബാങ്കുകള്‍ക്ക് കത്തയച്ച റിസര്‍വ് ബാങ്കിന്റെ നടപടിയും സംസ്ഥാനത്തിന് തിരിച്ചടിയാണ്. ഇത് കിഫ്ബി പദ്ധതികളെയും ബാധിക്കാനിടയുണ്ട്. ആര്‍ബിഐ വിളിച്ച ധനകാര്യ സെക്രട്ടറിമാരുടെ വാര്‍ഷിക യോഗത്തില്‍ കഴിഞ്ഞമാസം കേരളം ഈ പ്രശ്നം ഉന്നയിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് സെക്രട്ടറിതലത്തില്‍ തുടര്‍ന്നും ശ്രമം നടത്താനാണു തീരുമാനം.