പാലക്കാട്: കേസ് അട്ടിമറിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. ഹനീഫ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി എം ജെ സോജന് എതിരെ പരാമര്‍ശമില്ല. എസ് ഐ ചാക്കോയ്ക്ക് ഒപ്പം സോജന് എതിരെയും നടപടി വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. വാളയാര്‍ കേസന്വേഷിച്ച എസ്ഐ ചാക്കോ മാപ്പര്‍ഹിക്കാത്ത അന്യായമാണ് ചെയ്തതെന്നാണ് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിലുള്ളത്.
2017 ജനുവരി 13 നാണ് മൂത്ത കുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹമരണത്തിന്റ 52 ആം നാള് ഇളയകുഞ്ഞിനെയും സമാനരീതിയില്‍ ഈ അച്ഛനുമമ്മയ്ക്കും നഷ്ടമായി. പൊലീസ് അന്വേഷണത്തില്‍ വീഴ്ചവന്നെന്ന ആരോപണം സാധൂകരിക്കും വിധമായിരുന്നു പിന്നീടുളള സംഭവങ്ങള്‍. പ്രതികളായ നാലുപേരെയും തെളിവില്ലെന്ന പേരില്‍ പോക്സോ കോടതി വെറുതെവിട്ടു. പിന്നീട് കേരളം കണ്ടത് നീതിക്കായുളള തുടര്‍ സമരങ്ങളായിരുന്നു.
ഒടുവില്‍ ഹൈക്കോടതി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടിട്ടും കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കുടുംബം ഇപ്പോഴും സമരമുഖത്താണ്. വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിട്ടത് കഴിഞ്ഞ ദിവസമാണ്. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും വരെ സമരം തുടരുമെന്നുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ നിലപാട്.