പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ പീഡനത്തിനിരയായി ദൂരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പുനര്‍വിചാരണ നടപടിക്രമങ്ങള്‍ക്ക് പാലക്കാട് പോക്സോ കോടതിയില്‍ ഇന്ന് തുടക്കമാവും. സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പ്രതികളോട് ജനുവരി 20ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘത്തിലുള്‍പ്പെട്ട ക്രൈം ബ്രാഞ്ച് എസ്പി എഎസ് രാജു തുടരന്വേഷണത്തിനായി ഇന്ന് ഹര്‍ജി നല്‍കും.
സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും പ്രതികളെ വിചാരണ കോടതി വെറുതെ വിട്ട വിധിക്കെതിരെ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജനുവരി 6ന് ഹൈക്കോടതി വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടത്.പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരാകേണ്ടത്.കേസില്‍ പ്രതിയായിരുന്ന മൂന്നാം പ്രതി പ്രദീപ്കുമാര്‍ ഹൈക്കോടതിയിലെ വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു.
പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരം കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
2017 ജനുവരി മൂന്നിന് 13 വയസ്സുള്ള പെണ്‍കുട്ടിയെയും 54 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിന് 9 വയസ്സുകാരിയായ സഹോദരിയെയും തൂങ്ങി മരിച്ച നിലയില്‍ വാളയാറിലെ ഒറ്റമുറി വീട്ടില്‍ കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടികള്‍ പീഢനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും പ്രതികളെ മതിയായ തെളിവില്ലെന്ന കാരണത്താല്‍ പാലക്കാട് പോക്സോ കോടതി 2019 ഒക്ടോബര്‍ 25ന് വെറുതെ വിടുകയായിരുന്നു.