വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ടുപതിറ്റാണ്ട് കിടപ്പിലായ അശോകന് താങ്ങായി പഞ്ചായത്തംഗം

news image
Nov 18, 2013, 10:00 pm IST payyolionline.in

ആകസ്മികമായുണ്ടായ വാഹനാപകടം സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്ത് ജീവിതത്തെ ഏകാന്തതയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ട യുവാവിനു പഞ്ചായത്തംഗം സഹായഹസ്തവുമായെത്തി. അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് രണ്ടു പതിറ്റാണ്ടോളമായി കിടപ്പിലായി നരകയാതന അനുഭവിക്കുന്ന  മേപ്പയ്യൂര്‍ നരക്കോട് ചുണ്ടന്‍ കണ്ടി മീത്തല്‍ അശോകന്‍ (39), അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച്  ഒരു ലാപ്ടോപുമായാണ് മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്‌ അംഗമായ ഷര്‍മ്മിന കോമത്ത് എത്തിയത്. താനൊറ്റയ്ക്കല്ല തനിക്ക് താങ്ങായി ചുറ്റും ആരൊക്കെയോ ഉണ്ടെന്നുള്ള തിരിച്ചറിവാകുകയായിരുന്നു, തന്റെ ദീര്‍ഘകാലമായുള്ള അഭിലാഷം നിറവേറിയ അശോകന്റെ മുഖത്ത്.

                         1995 ലാണ് ഒരു വാഹന അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റത്. തുടര്‍ന്ന് 18 വര്‍ഷമായി ഒരേ കിടപ്പിലാണ് അശോകന്‍.  വൃദ്ധരായ മാതാപിതാക്കള്‍ക്ക് സംരക്ഷകനാകേണ്ടിയിരുന്ന അശോകന്‍  അവരുടെ സംരക്ഷണത്തില്‍  കഴിയാനായിരുന്നു വിധി. ദരിദ്രകുടുംബാംഗമായ അശോകനെ ചികിത്സക്കായി  പുറത്തേക്കെത്തിക്കുവാന്‍ ഒരു നല്ല വഴിപോലുമില്ല. വീട്ടില്‍ നിന്നും റോഡിലേക്കെത്താന്‍  ചെങ്കുത്തായ കയറ്റം കയറിയിറങ്ങേണ്ടതിനാല്‍ വീല്‍ ചെയറില്‍ പോലും പുറത്തേക്കുപോവാന്‍ പറ്റാത്ത പ്രയാസത്തിലുമാണ്. ഓടുമേഞ്ഞ ഒരു പഴയ വീട്ടില്‍ വൃദ്ധരക്ഷിതാക്കളുടെ സംരക്ഷണത്തില്‍  ഇനിയും മെത്ര കാലം ഇങ്ങനെ കിടക്കേണ്ടി  വരും എന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

                             അശോകന്റെ ദുരവസ്ഥയെക്കുറിച്ച് കേട്ടറിഞ്ഞ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്‌ അംഗം ഷര്‍മ്മിന കോമത്ത് പ്രൈമറി ഹെല്‍ത്ത് സെന്റ്റിലെ ഹോം കെയര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം  അശോകന്റെ വീട്ടിലെത്തുകയായിരുന്നു.  സാധാരണ നിലയിലുള്ള ആവശ്യങ്ങള്‍ ഒന്നും നിരത്താതെ ആശോകന്‍ ആവശ്യപെട്ടത്‌ ഒന്ന് മാത്രം. തനിക്ക് ഉപയോഗിക്കാന്‍ ഒരു ലാപ്ടോപ് വേണം. തന്റെ ഏറെക്കാലത്തെ അഭിലാഷമാണെന്നും സാധിപ്പിച്ചു തരണമെന്നുകൂടി അശോകന്‍ പറഞ്ഞു. പഞ്ചായത്തംഗം ഒന്നമ്പരന്നെങ്കിലും നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തളക്കപെട്ട ഒരു യുവാവിന്റെ നിസ്സഹായത വായിച്ചെടുത്ത ഷര്‍മ്മിന ആഗ്രഹം നിറവേറ്റാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി.

                           ഇത്തരം കാര്യങ്ങള്‍ക്ക് പഞ്ചായത്തുകള്‍ക്ക് പദ്ധതികള്‍ ഒന്നുമില്ലാത്തതിനാല്‍ സ്വന്തം നിലക്ക് ഷര്‍മ്മിന നടത്തിയ ശ്രമം പാഴായില്ല. കഴിഞ്ഞ ദിവസം, വീട്ടിലൊരുക്കിയ ചടങ്ങില്‍ വികാരനിര്‍ഭരമായ  അശോകന് ലാപ്ടോപ് കൈമാറുകയും ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം സറീന ഒളോറ, പി.എച്ച് സി പാലിയേറ്റീവ് നഴ്സ് കെ.ജി ശോഭന, ആശാവര്‍ക്കര്‍ കെ.കെ പുഷ്പ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. ലാപ്ടോപ്പുപയോഗിച്ച് സ്വന്തമായി ഒരു തൊഴില്‍ നേടാനാണ് അശോകന്റെ ശ്രമം.

                            നട്ടെല്ല് തകര്‍ന്നു കിടപ്പിലായ അശോകന്  പരസഹായമില്ലാതെ പ്രാഥമിക കര്‍മ്മങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയില്ല. അശോകന്റെ തുടര്‍ചികിത്സയ്ക്കും മറ്റുമായി ഒരുപാട് സാമ്പത്തികചിലവുകളുണ്ട്.  ഒരു നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണിത്. സുമനസ്സുകളുടെ സഹായ പ്രതീക്ഷകള്‍ മാത്രമേ ഇനി അശോകന് ആശ്രയമായിട്ടുള്ളൂ.

                             സഹായങ്ങള്‍    അശോകന്‍ ചുണ്ടര്‍കണ്ടി മീത്തല്‍ (വീട്) കീഴരിയൂര്‍ (പി ഒ), കോഴിക്കോട് എന്ന വിലാസത്തിലോ, മേപ്പയൂര്‍ എസ് ബി.ടി യുടെ എസ് ബി എക്കൗണ്ട്‌ നമ്പര്‍ 57039969230 ലോ എത്തിക്കാവുന്നതാണ്‌.ഫോണ്‍  8547065125.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe