വാഹന വിപണിയില്‍ വില്‍പ്പന മാന്ദ്യം രൂക്ഷമാകുന്നു

news image
Dec 10, 2013, 11:25 am IST payyolionline.in
ചെന്നൈ: രാജ്യത്തെ വാഹന വിപണി കനത്ത തിരിച്ചടിയിലേക്ക്. കഴിഞ്ഞ ഉത്സവ സീസണിന് ശേഷം വിവിധ നിര്‍മാണ കേന്ദ്രങ്ങളിലും ഡീലര്‍ഷിപ്പുകളിലുമായി 20,000 കോടി രൂപയുടെ വാഹനങ്ങളാണ് കെട്ടിക്കിടക്കുന്നത്. സാധാരണയുള്ളതിന്‍റെ ഇരട്ടിയിലധികം സ്റ്റോക്കാണ് ഫാക്ടറികളിലും വിതരണ സ്ഥാപനങ്ങളിലുമുള്ളതെന്ന് കമ്പനികള്‍ പറയുന്നു. ഇതോടെ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയവയെല്ലാം ഉത്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. നടപ്പു വര്‍ഷത്തിലെ സ്റ്റോക്ക് പുതുവര്‍ഷത്തിലും കൈകാര്യം ചെയ്യേണ്ടതെന്നാണ് കമ്പനികളുടെ തീരുമാനം. പ്രതിസന്ധി നേരിടാനുള്ള നടപടികളുടെ ഭാഗമായി ചില പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ പ്ളാന്‍റ് താത്കാലികമായി പൂട്ടി.

നിലവില്‍ 45 മുതല്‍ 60 ദിവസം വരെയാണ് വാഹനങ്ങള്‍ വിതരണ ശൃംഖലയില്‍ കെട്ടിക്കിടക്കുന്നതെന്ന് ബാങ്കുകളുടെ വായ്പാ വിഭാഗങ്ങളിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കാറിന് ശരാശരി ആറു ലക്ഷം രൂപമെന്ന നിലയില്‍ കണക്കിലെടുത്താല്‍ മൊത്തം കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ വാഹനങ്ങളാണ്.

യൂറോപ്പിലെ പ്രമുഖ വാഹന നിര്‍മാണ കമ്പനിയുടെ 28,000 കാറുകളാണ് ഇന്ത്യയിലെ ഫാക്ടറിയിലും ഡീലര്‍ഷിപ്പുകളിലുമായി വില്‍ക്കാതെ കിടക്കുന്നത്. ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവ കാലയളവില്‍ വാഹന വില്പനയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതാണ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചത്. ഡിസംബറില്‍ പ്ളാന്‍റ് ഭാഗികമായി അടച്ചിടാനാണ് മാരുതി ആലോചിക്കുന്നതെന്ന് കമ്പനിയുടെ വില്പന വിഭാഗം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മായക് പരേഖ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe