ന്യൂഡൽഹി: വ്യാഴാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധിക്ക് വന്ന പിഴവ് കോൺഗ്രസ് മുതിർന്ന നേതാവ് ജയ്റാം രമേശ് തിരുത്തിയ സംഭവത്തിൽ പരിഹാസവുമായി ബി.ജെ.പി. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയതിനു ശേഷം രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയിരുന്നു. ലണ്ടനിലെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായാണ് പത്രസമ്മേളനം വിളിച്ചത്.
മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ, നിർഭാഗ്യവശാൽ താനൊരു പാർലമെന്റ് അംഗമായി പോയി എന്നും നാലു മന്ത്രിമാരാണ് തനിക്കെതിരെ പാർലമെന്റിൽ ആരോപണം ഉയർത്തിയതെന്നും അവർക്ക് മറുപടി നൽകാൻ സംസാരിക്കാനുള്ള ജനാധിപത്യ അവകാശം തനിക്കുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ജയ്റാം രമേശും സമീപത്തിരിക്കുന്നുണ്ടായിരുന്നു.

നിർഭാഗ്യവശാൽ എന്ന് പറഞ്ഞതു കൊണ്ട് അവർ രാഹുലിനെ പരിഹസിക്കും എന്ന് ജയ്റാം രമേശ് ഉപദേശം നൽകി. പതുക്കെയാണ് ജയ്റാം രമേശ് പറഞ്ഞതെങ്കിലും മൈക്ക് തൊട്ടടുത്ത് ഉള്ളതിനാൽ എല്ലാവർക്കും അത് കേൾക്കാമായിരുന്നു. മാത്രമല്ല, കാമറയിലും രംഗം പതിഞ്ഞു. ഇതിന്റെ വിഡിയോ വൈറലായിരുന്നു.
പിന്നീട് നിർഭാഗ്യവശാൽ എന്ന് പറഞ്ഞതിൽ കുറെ കൂടി വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നതായി രാഹുൽ പറഞ്ഞു. തുടർന്നാണ് എത്രകാലം രാഹുലിനെ പഠിപ്പിക്കാൻ സാധിക്കും എന്ന് പരിഹസിച്ച് ബി.ജെ.പി നേതാവ് സമ്പിത് പത്ര രംഗത്തുവന്നത്.