വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

news image
Jul 25, 2022, 6:35 pm IST payyolionline.in

മുംബൈ: ബോളിവുഡ് നടൻ വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. മുംബൈ സ്വദേശിയായ മൻവീന്ദർ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. നടന്‍റെ പരാതിയിൽ സാന്താക്രൂസ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. വിക്കി കൗശലിന്‍റെ ഭാര്യയും ബോളിവുഡ് നടിയുമായ കത്രീന കൈഫിനോടുള്ള ആരാധന മൂലമാണ് ഭീഷണിപ്പെടുത്തിയത് പ്രതി മൊഴി നൽകി. നടിയെയും സമൂഹമാധ്യമങ്ങൾ വഴി ഇയാൾ ശല്യം ചെയ്യുന്നുണ്ടായിരുന്നു. നടിയെ കല്യാണം കഴിക്കുകയാണ് തന്‍റെ ആഗ്രഹമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

അതേസമയം കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബോളിവുഡ് അന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ അതിഥികള്‍ക്ക് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ ഫോട്ടോ എടുക്കാൻ അതിഥികള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം. വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്.

കത്രീന കൈഫ് നായികയാകുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത ‘ഫോണ്‍ ഭൂത്’ ആണ്. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി  എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന.  കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ശ്രീറാം രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കത്രീന കൈഫ് ഇപ്പോള്‍ അഭിയിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe