വിദ്യാഭ്യാസമേഖലയിൽ കേരളവുമായി സഹകരണം ഉറപ്പിക്കും; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഫിൻലാൻഡ് അംബാസഡർ

news image
Dec 12, 2022, 11:14 am GMT+0000 payyolionline.in

തിരുവനന്തപുരം:  ഫിലാൻഡ് സഹകരണത്തോടെ ടാലന്റ് കോറിഡോറും ഇന്നവേഷൻ കോറിഡോറും വികസിപ്പിക്കുന്നതിന് ധാരണയായി. ഫിൻലൻഡ് അംബാസഡർ റിത്വ കൗക്കു റോണ്ടെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇത് സംബന്ധിച്ച മാർഗ്ഗരേഖ ഫിൻലാൻഡിലെയും കേരളത്തിലെയും അക്കാദമിക് വിദഗ്ധർ ചേർന്ന് തയ്യാറാക്കും. നേരത്തെ ആറു മേഖലകളിൽ കേരളവും ഫിൻലാൻഡും തമ്മിൽ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ശൈശവകാല വിദ്യാഭ്യാസവും പരിചരണവും, ശാസ്ത്രം, ഗണിതം, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, മൂല്യനിർണയം, അധ്യാപക വിദ്യാഭ്യാസം എന്നിവയാണ് ഫിൻലാൻഡുമായി സഹകരണം ഉറപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന മേഖലകൾ. ഈ മേഖലകളിലെ സഹകരണം സംബന്ധിച്ച ആക്ഷൻ പ്ലാൻ ജനുവരി മാസത്തോടുകൂടി വികസിപ്പിക്കും.

 

വയോധികർക്കായി ഫിൻലാൻഡ് നടപ്പാക്കുന്ന പദ്ധതികളും നയങ്ങളും പഠിക്കാൻ കേരളം ആഗ്രഹിക്കുന്നതായി കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ ആദ്യഘട്ട ചർച്ചകൾ ആരംഭിക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചിയിൽ സുസ്ഥിര മാരി ടൈം ഹബ്ബ് ആൻഡ്  ക്ലസ്റ്റർ സ്ഥാപിക്കാനായി പിന്തുണയും സഹകരണ നൽകുന്ന ഫിൻലാൻഡ് എംബസിയെയും കമ്പനികളെയും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. കേരളത്തിൽ നിക്ഷേപത്തിനായി ഫിൻലാൻഡ് കമ്പനികളെ സ്വാഗതം ചെയ്യുന്നതായും എംബസി ഇതിനായി മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി അംബാസിഡറോട് അഭ്യർത്ഥിച്ചു.

അംബാസിഡറുടെ സന്ദർശനത്തിന്റെ തുടർച്ചയായി ഫിൻലാൻഡിൽ നിന്നുള്ള അധ്യാപക സംഘം കേരളം സന്ദർശിക്കും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ലിംഗ സമത്വം മികച്ചതാണ്. സ്‌കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവസരം ലഭിക്കുന്നുവെന്നും ഇക്കാര്യത്തിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഫിൻലാൻഡ് അംബാസിഡർ വ്യക്തമാക്കി. ടൂറിസം, മാരി ടൈം, കാലാവസ്ഥ ഗവേഷണം, ഹൈഡ്രജൻ എനർജി, വയോജന പരിചരണം, സുസ്ഥിര വന പരിപാലനം മുതലായ കാര്യങ്ങളിൽ ഫിനിഷ് സഹകരണത്തിന് തയ്യാറാണെന്ന് അംബാസിഡർ പറഞ്ഞു.

നേരത്തെ കേരളസംഘം ഫിൻലാൻഡ് സന്ദർശിച്ചതിന്റെ തുടർച്ചയായിട്ടാണ് അംബാസഡറും സംഘവും കേരളത്തിൽ എത്തിയത്.  ഫിൻലാൻഡിൽ നിന്നുള്ള വിദ്യാഭ്യാസ പ്രവർത്തകർ കഴിഞ്ഞ അഞ്ചുദിവസമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സന്ദർശനം നടത്തിവരുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങൾ ഫിൻലാൻഡ് സംഘം സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സമഗ്ര ശിക്ഷ കേരളം, കൈറ്റ്, എസ് സി ഈ ആർ ടി, സീമാറ്റ് ഡയറക്ടർമാർ എന്നിവരുമായും  സംഘം ആശയവിനിമയം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe