ന്യൂഡല്‍ഹി: വന്‍കിട കമ്പനികള്‍ പുതിയ പുതിയ സവിശേഷതകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിദൂരഭാവിയില്‍ വിലയിടിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. വിവരസാങ്കേതിക രംഗത്തെ മാര്‍ഗ്ഗനിര്‍ദ്ദേശക സ്ഥാപനവും വിപണി ഗവേഷകരും അനാലിസിസ് നടത്തുന്നവരുമായ ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്പ്പറേഷന് (ഐഡിസി) ആണ് ഈ പ്രവചനം നടത്തിയിട്ടുള്ളത്.
നിലവിലെ വിപണി സാഹചര്യവും ബ്രാന്‍ഡുകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി വില കുറഞ്ഞ ഉല്‍പ്പന്നങ്ങളിലേക്ക് വന്‍കിട കമ്പനികള്‍ ശ്രദ്ധ തിരിച്ചിട്ടുള്ളതുമായ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വിലനിലവാരം സംബന്ധിച്ച പുതിയ ഐഡിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് സ്മാര്‍ട്ട്ഫോണുകളുടെ വില 12.8 ശതമാനം ഈ വര്‍ഷം കുറയുമെന്നാണ്. 2012 ല്‍ 387 ഡോളര്‍ വന്നിരുന്നു സ്മാര്‍ട്ഫോണുകളുടെ ശരാശരി വില ഈ വര്‍ഷം 337 ഡോളറായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 ല്‍ 262 ഡോളര്‍ ശരാശരി വില വരുന്ന ഏഷ്യാ പസഫിക്കില്‍ 2017ല്‍ വില 215 ഡോളര്‍ ആകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പില്‍ 419 2017 ല്‍ 259 ആകും. നോര്‍ത്ത് അമേരിക്കയില്‍ 531, 567 ആകും. ലാറ്റിന്‍ അമേരിക്കയില്‍ 288, 246 ആകും. മദ്ധ്യേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിലവില്‍ 338 ഡോളര്‍ വിലവരുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്ക് നാലു വര്‍ഷം കഴിയുമ്പോള്‍ 230 ഡോളറാകും വില. മൊത്തം ശരാശരി 337 ഡോളറില്‍ നിന്നും 265 ഡോളറായി കുറയുമെന്നാണ് പറയുന്നത്.