വിഴിഞ്ഞം തുറമുഖത്തിന്‌ 2000 കോടി വായ്‌പ; തുറമുഖത്തിന്റെ വിജയസാധ്യത അംഗീകരിച്ച്‌ ധനകാര്യസ്ഥാപനങ്ങൾ

news image
May 27, 2023, 9:26 am GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ രണ്ടായിരംകോടിയുടെ വായ്‌പ. ഹഡ്‌കോയിൽനിന്നാണ്‌ തുക അനുവദിച്ചത്‌. 3400 കോടിരൂപയുടെ വായ്‌പയ്‌ക്കാണ്‌ ഹഡ്‌കോയെസമീപിച്ചിരുന്നത്‌. വലിയ തുക വായ്‌പയായി സമാഹരിക്കാൻ കഴിഞ്ഞത്‌ നേട്ടമായാണ്‌ സംസ്ഥാന സർക്കാരും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡും (വിസിൽ) കാണുന്നത്‌. വിസിലിനാണ്‌ വായ്‌പ അനുവദിച്ചത്‌. വമ്പൻ പദ്ധതിയുടെ വിജയസാധ്യത ധനകാര്യസ്ഥാപനങ്ങളും അംഗീകരിച്ചതിന്റെ ഫലമാണിത്‌. 15 വർഷം തുകയുടെ പലിശമാത്രമാണ്‌ നൽകേണ്ടത്‌. 7700 കോടി ചെലവ്‌ വരുന്ന തുറമുഖ പദ്ധതിക്ക്‌ 4428 കോടിരൂപയാണ്‌ സംസ്ഥാന സർക്കാർ മുടക്കുന്നത്‌.

 

 

വായ്‌പ ലഭ്യമായതോടെ ബാലരാമപുരം–വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയുടെ നിർമാണത്തിനും ഉടൻ തുടക്കം കുറിക്കും. പദ്ധതിക്ക്‌ ദക്ഷിണറെയിൽവേ നേരത്തെ അനുമതി നൽകിയിരുന്നു. 10.7 കിലോമീറ്റർ ദൂരംവരുന്ന പാത തുറമുഖം കമ്മീഷൻ ചെയ്‌ത്‌ മൂന്നുവർഷത്തിനകം പൂർത്തീകരിക്കണം. 1060 കോടി രൂപയാണ്‌ നിർമാണ ചെലവ്‌. കൊങ്കൺ റെയിൽ കോർപറേഷനാണ്‌ നിർമാണ ചുമതല. ബ്രോഡ്‌ഗേജ്‌ പാത ചരക്കുനീക്കത്തിനുവേണ്ടി മാത്രമുള്ളതാണ്‌. പാതയുടെ 4.74 കിലോമീറ്റർ ടണലിൽകൂടി പോകുന്നത്‌. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായുള്ള നടപടി പുരോഗമിക്കുകയാണ്‌.

കപ്പലുകളിൽനിന്ന്‌ ചരക്കുകൾ കയറ്റാനും ഇറക്കാനുമുള്ള ക്രെയിനുകൾ സെപ്‌തംബറിൽ വിഴിഞ്ഞത്ത്‌ എത്തി തുടങ്ങും.  90 മീറ്റർ ഉയരമുള്ള എട്ട്‌ ക്രെയിനുകൾ ഉൾപ്പെടെ 40 ക്രെയിനുകളാണ്‌ എത്തിക്കുന്നത്‌. ഇതുമായുള്ള   കപ്പലുകളാകും ആദ്യം തീരത്ത്‌ എത്തുക. ആദ്യഘട്ടത്തിൽ പുലിമുട്ട്‌ നിർമാണത്തിന്റെ 2960 മീറ്ററാണ്‌ പൂർത്തീകരിക്കേണ്ടത്‌. ഇതിൽ 2300 മീറ്റർ നിർമാണം നടന്നു. ബർത്തിന്റെ നിർമാണം സെപ്‌തംബറിൽ പൂർത്തിയാകും.

ഗ്യാപ്‌ വയബിലിറ്റി ഫണ്ടായി 1635 കോടി രൂപ അദാനിഗ്രൂപ്പിന്‌ നൽകണം. ഇതിൽ കേന്ദ്രസർക്കാർ 817 കോടിയും സംസ്ഥാനസർക്കാർ 818 കോടിയുമാണ്‌ കൊടുക്കേണ്ടത്‌.  കേന്ദ്രവിഹിതം ലഭ്യമാക്കാൻ അദാനി പോർട്സിനെ ഉൾപ്പെടുത്തി ത്രികക്ഷി കരാർ ഉണ്ടാകണം. അതിനായുള്ള നടപടി തുറമുഖ വകുപ്പ്‌ ആരംഭിച്ചിട്ടുണ്ട്‌. ഷിപ്പിങ്‌ കമ്പനികളെയും ലോജിസ്‌റ്റിക്‌സ്‌ കമ്പനികളെയും പങ്കെടുപ്പിച്ച്‌ സമ്മേളനം സെപ്‌തംബറിൽ സംസ്ഥാന സർക്കാർ നടത്തും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe