വിഴിഞ്ഞത്ത് ആദ്യ കപ്പൽ: ഇന്നും നാളെയും ആഘോഷപരിപാടികൾക്ക് ആഹ്വാനം ചെയ്ത് എൽഡിഎഫ്

news image
Oct 14, 2023, 8:11 am GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പൽ എത്തിയ സാഹചര്യത്തിൽ  ഇന്നും നാളെയും ആഘോഷപരിപാടികൾ, ജാഥകൾ തുടങ്ങിയ സംഘടിപ്പിക്കാൻ എൽഡിഎഫ് ആഹ്വാനം ചെയ്തു. വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തിയതിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അതിവേഗത്തിൽ വികസനം പൂർത്തീകരിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമാണിതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം വരുന്നതോടെ കാർഷിക മേഖലയ്ക്ക് വലിയ വളർച്ചയുണ്ടാകും. കാർഷിക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനും വ്യാവസായിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യാനും കഴിയും. തുറമുഖത്തിന്റെ ഒന്നാം ഘട്ടം അടുത്തവർഷം പൂർത്തിയാകും. ബാക്കിയുള്ള ഘട്ടങ്ങളും വേഗത്തില്‍ പൂർത്തിയാക്കും.

നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം പരിപാടി കേരളത്തിന്റെ ടൂറിസം രംഗത്തെ വികസിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. വിദേശികളെ ആകർഷിക്കാനും വ്യാപാരസാധ്യതകൾ വർധിപ്പിക്കാനും കഴിയും. നവംബർ 18 മുതൽ ഡിസംബർ 24 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലങ്ങൾ സന്ദർശിക്കും. നിയോജക മണ്ഡലങ്ങളിലെ ജനകീയ സദസിനോട് എല്ലാവരും സഹകരിക്കണമെന്ന് എൽഡിഎഫ് കൺവീനർ അഭ്യർഥിച്ചു. വിഴിഞ്ഞത്തിന് പേരിടേണ്ട ഘട്ടത്തിൽ പേരിടുമെന്ന് ചോദ്യത്തിനു മറുപടിയായി എൽഡിഎഫ് കൺവീനർ പറഞ്ഞു.

എൽഡിഎഫ് സർക്കാർ വന്നതിനുശേഷമാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിനു വേഗം വന്നത്. കേരത്തിന്റെ വികസന പദ്ധതികൾക്ക് എൽഡിഎഫ് എതിരായിരുന്നില്ല. ഇടതുപക്ഷ സർക്കാർ വിഴിഞ്ഞം പദ്ധതി ലക്ഷ്യത്തിലെത്താൻ ആഗ്രഹിക്കുന്നവരാണ്. മത്സ്യത്തൊഴിലാളികുളുടെ സംരക്ഷണം ആവശ്യപ്പെട്ടാണ് എൽഡിഎഫ് വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രതിഷേധിച്ചത്. ഇന്ന് മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാരിനു കഴിഞ്ഞു. വിഴിഞ്ഞം പദ്ധതി പുരോഗമിക്കുന്നത് ആഘോഷിക്കാനില്ല എന്ന നിലപാട് ശരിയല്ല. ഒരാളും വിട്ടു നിൽക്കരുത് എന്നാണ് അഭ്യർഥന. ഏതെങ്കിലും പുരോഹിതർക്ക് അതൃപ്തിയുണ്ടെങ്കിൽ അവരെ നേരിൽ കാണും. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണിയുടെ തയാറെടുപ്പുകൾ നടന്നു വരികയാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe