വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ച കേസ്; പ്രതികൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ

news image
Feb 4, 2023, 3:09 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ച കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ. അറസ്റ്റിലായ ഒന്നാം പ്രതി അടിമലത്തുറ സ്വദേശി സിൽവയ്യൻ ആന്‍റണിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മറ്റ് നാല് പ്രതികൾ ഒളിവിലാണ്. സംഭവം ഏറെ മാനസിക പ്രയാസമുണ്ടാക്കിയെന്നാണ് വിദേശ വനിത പറയുന്നത്.

 

വിനോദ സഞ്ചാരത്തിനെത്തിയ 25 വയസുള്ള ബ്രിട്ടീഷ് വനിതയോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിച്ചെന്നും അനുമതിയില്ലാതെ പിന്തുടര്‍ന്നുമെന്നാണ് കേസ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വിദേശ യുവതിയുടെ അച്ഛനെ വിമാനത്താവളത്തിൽ എത്തിക്കുന്നതിനായി സിൽവയ്യന്‍റെ ടാക്സി വിളിച്ചപ്പോൾ തരപ്പെടുത്തിയ മൊബൈൽ നമ്പര്‍ വാങ്ങിയ ശേഷം ലൈംഗികച്ചുവയോടെ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചായിരുന്നു തുടക്കം. ഒരുമിച്ച് മദ്യപിക്കുന്നതിന് വേണ്ടിയും ക്ഷണമുണ്ടായി. വിസമ്മതിച്ചപ്പോൾ ആയുര്‍വ്വേദ റിസോര്‍ട്ടിൽ നിന്ന് കടപ്പുറത്തേക്ക് പോയ സമയം മുതൽ സിൽവയ്യനും സുഹൃത്തുക്കളും ലൈംഗിക ഉദ്ദേശ്യത്തോടെ വിദേശ വനിതയെ പിന്തുടര്‍ന്ന് കൂടെച്ചെല്ലാൻ ക്ഷണിച്ചുവെന്നാണ് കേസ്.

 

വിദേശ വനിതയുമായുള്ള വാക്കുതര്‍ക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്‍ന്ന് തടയാൻ ശ്രമിച്ച ഹോട്ടൽ ഷെഫിനെ മര്‍ദ്ദിച്ചതിനും കേസുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിൽ ബുധനാഴ്ച പരാതി നൽകിയിട്ടും വ്യാഴാഴ്ച രാത്രിയാണ് കേസെടുത്തതെന്ന വിമര്‍ശനങ്ങൾക്കിടെയാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ജാമ്യത്തിൽ വിട്ടത്. അടിമലത്തുറയിലെ സെൽവന്‍റെ വീടിന് സമീപത്ത് വച്ചായിരുന്നു അറസ്റ്റ്. സിൽവയ്യന്‍റെ സുഹൃത്തുക്കളായ ജോൺസൺ ഉൾപ്പെടെ നാല് പേരെയാണ് പിടികൂടാനുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe