തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയുടെ കുത്തേറ്റ് ഡോക്ടർ മരിക്കാനിടയായ സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മരിച്ചയാളെ കുറിച്ച് മന്ത്രി നെഗറ്റീവ് കമന്റ് പറയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ഡോ. സുൾഫി നൂഹ് പറഞ്ഞു.
ഡോക്ടർ മരിച്ച വിവരം മന്ത്രിയെ വിളിച്ചറിയിച്ചപ്പോൾ അവർ അക്ഷരാർഥത്തിൽ കരയുകയായിരുന്നു. അതിനാൽ തന്നെ മന്ത്രി അങ്ങനെ പറയില്ല. അവരുടെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ഡോ. സുൾഫി നൂഹ് പറഞ്ഞു.
കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിനുള്ള പരിചയക്കുറവാണ് ഇത്തരത്തിലൊരു അപകടത്തിനിടയാക്കിയതെന്ന പരാമർശം മന്ത്രി വീണാ ജോർജ് നടത്തിയെന്ന് വാർത്തകൾ വരികയും അത് വിവാദമാവുകയും ചെയ്തിരുന്നു.
എന്നാൽ താൻ ഇങ്ങനെയല്ല പറഞ്ഞതെന്നും, ദുരന്തമുഖത്തുപോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ടമനസാണ് ഇവിടെ വെളിവാകുന്നതെന്നും വീണാ ജോർജ് പ്രതികരിച്ചിരുന്നു. ഇപ്പോൾ വിശദീകരണത്തിനുള്ള സമയമല്ലെന്നും പിന്നീട് പറയാമെന്നും വീണാ ജോർജ് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
‘പൊലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പൊലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ മോള്‍ ഒരു ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്‌സ്പീരിയന്‍സഡ്് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്.’ – എന്നാണ് താൻ പറഞ്ഞതെന്നും വീണാ ജോർജ് വിശദീകരിച്ചിട്ടുണ്ട്.
അതേസമയം, ചില ഡോക്ടർമാർ തല്ലുകിട്ടേണ്ടവരാണെന്ന് മന്ത്രി ഗണേശ് കുമാർ നിയമ സഭയിൽ പറഞ്ഞ പരാമർശം പൊതു സമൂഹത്തിൽ ഡോക്ടർമാർക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഡോ. സുൾഫി നൂഹ് പറഞ്ഞു.