തൃക്കാക്കര: വിർച്വൽ അറസ്റ്റിന്റെ പേരിൽ എറണാകുളത്ത് വീണ്ടും തട്ടിപ്പ്. സൈബർ തട്ടിപ്പുകാർ എളംകുളം സ്വദേശിയായ എൺപത്തിയഞ്ചുകാരനിൽനിന്ന് തട്ടിയെടുത്തത് 17.05 ലക്ഷം രൂപ. ജെറ്റ് എയർവെയ്‌സ് എംഡിയുമായി ചേർന്ന് സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന് പറഞ്ഞായിരുന്നു എളംകുളം സ്വദേശി ജെയിംസ് കുര്യന് ഭീഷണി ഫോൺകോൾ വന്നത്. ഹൈദരാബാദ് ഹുമയൂൺ പൊലീസ് താങ്കൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. കൊച്ചി സൈബർ ക്രൈം പൊലീസ് വിശ്വാസവഞ്ചനയ്‌ക്ക് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്.
അക്കൗണ്ടിലെ മുഴുവൻ തുകയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ആർബിഐ) പരിശോധിക്കാനായി അയച്ചുകൊടുക്കാൻ സൈബർ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഗത്യന്തരം ഇല്ലാതായതോടെ നവംബർ 22ന് 5000 രൂപയും 28ന് ഒരുലക്ഷം രൂപയും അയച്ചുകൊടുത്തു. തൊട്ടടുത്ത ദിവസം 16 ലക്ഷം രൂപയും നൽകി. പണം തിരികെ കിട്ടാതായതോടെ ജെയിംസ് കുര്യൻ പൊലീസിനെ സമീപിക്കുകയായിരുന്നു.
എറണാകുളത്തെ വീട്ടമ്മയിൽനിന്ന് ‘വിർച്വൽ അറസ്റ്റ്’ എന്ന പേരിൽ 4.12 കോടി രൂപ തട്ടിയ കേസിൽ ഡിസംബർ ഒന്നിന് രണ്ടുപേർ അറസ്‌റ്റിലായിരുന്നു. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ (22), കെ പി മിഷാബ് (21) എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മുംബൈ പൊലീസിന്റെ പേരിൽ എറണാകുളം സ്വദേശിയുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊടുവള്ളി സ്വദേശി കെ പി ജാഫറിനെ (27) കഴിഞ്ഞദിവസം സൈബർ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.