വെട്ടിക്കുറച്ച ശമ്പളം നൽകണം; മണ്ണാർക്കാട് എം ഇ ടി സ്കൂളില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിഷേധം

news image
Sep 18, 2022, 4:59 am GMT+0000 payyolionline.in

മണ്ണാർക്കാട്: കൊവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് എം ഇ ടി സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിഷേധം. മാനേജ്മെന്‌റിന്‍റെ നിഷേധ നിലപാടിൽ പ്രതിഷേധിച്ച് രാത്രിയും സ്കൂളിൽ കുത്തിയിരുന്നാണ് അധ്യാപകരടക്കമുള്ളവര്‍ പ്രതിഷേധിക്കുന്നത്. കൊവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം ഫീസ് മുഴുവനും ലഭിക്കുന്ന മുറയ്ക്ക് നൽകാമെന്ന് മാനേജ്മൻറ് ഉറപ്പു നൽകിയിരുന്നതായി പ്രതിഷേധക്കാർ പറഞ്ഞു.

കൊവിഡ് കഴിഞ്ഞ് ഫീസ് പൂർണമായി പിരിച്ചെടുത്തിട്ടും വെട്ടിക്കുറച്ച ശമ്പളം നൽകാൻ സ്കൂള്‍ മാനേജ്മെന്‍റ് തയ്യാറായില്ല. 45 സ്ഥിരം അധ്യാപകരും അനധ്യാപകരുമാണ് സമരത്തിൽ പങ്കെടുക്കുന്നത്.  ഇന്നലെ നടന്ന മാനേജ്മെൻറ് യോഗത്തിന്  ശേഷവും കൊവിഡ് കാലത്ത് കുറച്ച ശമ്പളം നൽകാനാവില്ലന്ന നിലപാടാണ് മാനേജ്മെൻറ് ആവർത്തിച്ചത്. ഇതേ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്.

ശമ്പളക്കാര്യത്തിൽ തീരുമാനം ആകുന്നത് വരെ സ്കൂളിൽ പ്രതിഷോധം തുടരാനാണ് തീരുമാനമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അതേ സമയം കൊവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം നൽകുമെന്ന് പറഞ്ഞിട്ടില്ലന്നാണ് മാനേജ്മെന്‍റ് പ്രതിനിധികൾ പറയുന്നത്. കൊവിഡ് കാലത്ത് ഫീസില്‍ കുറവ് വരുത്തിയിരുന്നു. ഫീസ് ഇനിയും പിരിഞ്ഞുകിട്ടാനുണ്ട്.  പല സ്ഥാപനങ്ങളും ശമ്പളം കട്ട് ചെയ്തപ്പോൾ തങ്ങൾ കുറവു വരുത്തുക മാത്രമാണ് ചെയ്തതെന്നും മാനേജ്മെന്‍റ് പ്രതിനിധികൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe