തിരുവനന്തപുരം: മലയാള സിനിമ നടി മാലാ പാര്‍വതിയില്‍ നിന്ന് വെര്‍ച്വല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. മാലാ പാര്‍വതിയുടെ പേരിൽ അയച്ച കൊറിയര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞാണ് പണം തട്ടാന്‍ ശ്രമിച്ചത്.
ഐ.ഡി കാര്‍ഡ് അടക്കം കൈമാറി മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഫോൺ ചെയ്തായിരുന്നു തട്ടിപ്പിന് ശ്രമം. മധുരയില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മാലാ പാർവതിക്ക് കോള്‍ വന്നത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തായ്‍വാനിലേക്ക് പാക്കേജ് പോയിട്ടുണ്ട്.
അതില്‍ നിയമവിരുദ്ധ സാധനങ്ങളാണ് ഉള്ളതെന്ന് വിളിച്ചവർ അറിയിക്കുകയായിരുന്നെന്ന് മാലാ പാര്‍വതി പറഞ്ഞു. തുടര്‍ന്ന് മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരു വാട്‌സ്ആപ്പ് കോൾ ലഭിച്ചു.
താങ്കളുടെ പേരില്‍ 12 സംസ്ഥാനങ്ങളില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടും ആയുധ ഇടപാടും നടന്നിട്ടുണ്ടെന്നും പ്രകാശ് കുമാര്‍ ഗുണ്ടു എന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ചറിയിക്കുകയായിരുന്നു. അതിനിടെ കുറച്ചു സമയം കാൾ കണക്ടായില്ല. അപ്പോള്‍ ഐ.ഡി കാര്‍ഡ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞുവെന്ന് മാലാ പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.