വൈവിധ്യങ്ങളിൽ നിറഞ്ഞ് മാവൂരിലെ ഷംസുദ്ദീൻ ഹാജിയുടെ കാർഷികയാത്ര

news image
Nov 15, 2021, 1:07 pm IST payyolionline.in

മാവൂർ:  കെ.വി. ഷംസുദ്ദീൻ ഹാജിക്ക് കൃഷി ഒരു പാഷനാണ്. ഫലവൃക്ഷങ്ങളിലെ വൈവിധ്യം തേടിയാണ് അദ്ദേഹത്തിന്റെ കാർഷികജീവിതം. വീട്ടുമുറ്റത്തും മാവൂരിലെയും സമീപപ്രദേശങ്ങളിലെയും അദ്ദേഹത്തിെൻറ തോട്ടങ്ങളിലെ ഫലവൃക്ഷങ്ങളിൽ ഈ വൈവിധ്യമുണ്ട്. നാടിന് പരിചയമില്ലാത്ത അപൂർവ ഫലവൃക്ഷങ്ങൾവരെ തോട്ടത്തിൽ നട്ടിട്ടുണ്ട്. വിദേശിയും സ്വദേശിയുമായ വിവിധ പഴവർഗങ്ങൾ നട്ടുപിടിപ്പിച്ച ഫലവൃക്ഷങ്ങളിൽ മിക്കതും കായ്ച്ചുതുടങ്ങി.

 

 

റംബുട്ടാൻ, മാേങ്കാസ്റ്റിൻ, ഫുലാസൻ, കെപ്പൽ, റൊളിനിയ, ലോഗൻ, മിൽക് ഫ്രൂട്ട്, മരാഗ്, സാന്തോൾ, ഞാവൽ, ലോവിക്ക, മാപരാഗ്, ജംബോട്ടിക്കാവ, മധുര അമ്പഴം, ദുരിയാൻ, മട്ടോവ, റെയിൻഫോറസ്റ്റ് പ്ലം, സലാക് തുടങ്ങി ഏതാണ്ട് 80ലധികം ഇനം വ്യത്യസ്ത ഫലവർഗങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തോട്ടം. ഇതിനുപുറമെ 60 വ്യത്യസ്തയിനം മാവുകൾ, 10 ഇനം പ്ലാവുകൾ, വിവിധയിനം പൈനാപ്പിൾ ഇവയൊക്കെയും തോട്ടത്തിലുണ്ട്. കേരളത്തിൽ അപൂർവമായി മാത്രം കൃഷിചെയ്യുന്ന അബിയുവാണ് ഇപ്പോൾ താരം.

ആമസോണ്‍ കാടുകളില്‍ ഉത്ഭവിച്ചതെന്നു കരുതുന്ന അബിയു അരകിലോ മുതൽ 700 ഗ്രാം വരെ തൂക്കമുള്ളതാണ്. മാവൂരിലെ വ്യാപാരപ്രമുഖനായ ഷംസുദ്ദീൻ ഹാജിക്ക് കൃഷി രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. കച്ചവടത്തിരക്കിൽനിന്ന് ഒഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് തിരിയാതെ കൃഷിയുടെ തിരക്കിലേക്കായിരുന്നു ഇറങ്ങിയത്. ഇദ്ദേഹത്തിന്റെ തോട്ടത്തിൽ കായ്ക്കുന്ന ഫലങ്ങളൊന്നും വിൽപനക്കുള്ളതല്ലെന്നതാണ് പ്രത്യേകത. സ്വന്തം ആവശ്യത്തിനും കൂടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമുള്ളതാണ് ഫലങ്ങളും പഴങ്ങളും.

എല്ലാസമയത്തും ഏതെങ്കിലും ഒരു പഴം തോട്ടത്തിൽ വിളഞ്ഞുനിൽക്കും. എന്നാൽ ഈ പഴങ്ങൾ മുഴുവൻ ഇദ്ദേഹം പറിച്ചെടുക്കാറില്ല. മറിച്ച് പറമ്പിൽ വിളയുന്ന പഴങ്ങളിൽ 25 ശതമാനവും കിളികൾക്കും മറ്റുമുള്ളതാണെന്ന് ഷംസുദ്ദീൻ ഹാജി പറയുന്നു. ബാക്കിയുള്ളതാണ് മനുഷ്യർക്ക്. നാടൻ വളപ്രയോഗത്തിലൂടെയാണ് പഴവർഗങ്ങളെല്ലാം വിളയിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe