ആലപ്പുഴ: വ്യാജ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് ഇൻഡോറിലും ദില്ലിയിലും. 21 മാസമാണ് സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് ഒരാഴ്ച മുമ്പ്. സെസിയെ പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇവർ കീഴടങ്ങിയത്. അഭിഭാഷകക്കായി ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ഇൻഡോറിലെയും ദില്ലിയിലെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്താണ് ഇവർ ഒളിവിൽ കഴിഞ്ഞത്. ഇവരുടെ ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നു.
വ്യാജ രേഖകള്‍ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതിനാണ് സെസി സേവ്യര്‍ക്കെതിരെ കേസെടുത്തത്. എല്‍ എല്‍ ബി പാസാകാത്ത സെസി സേവ്യര്‍ വ്യാജ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചുകൊണ്ടാണ് പ്രാക്ടീസ് നടത്തിയിരുന്നത്. ഇത് കണ്ടെത്തിയ ബാര്‍ അസോസിയേഷന്‍ സെസിയെ പുറത്താക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് സെസി പ്രാക്ടീസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സെസി ഒളിവില്‍ പോയി. പിന്നീട് ആലപ്പുഴ സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്നറിഞ്ഞതോടെ ഹാജരാകാതെ മുങ്ങുകയായിരുന്നു.
പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും സഹ അഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.