വർഗീയതയും, വിദ്വേഷവും ക്രിയാത്മകമായി ചെറുത്ത് തോൽപ്പിക്കുക: സി.കെ സുബൈർ

news image
Sep 6, 2023, 3:02 pm GMT+0000 payyolionline.in

മേപ്പയ്യൂർ: വർഗീയതയെയും, വിദ്വേഷത്തെയും ക്രിയാത്മകമായി ചെറുത്തുതോൽപ്പിക്കണം  എന്നും സ്നേഹവും സഹവർത്തിത്വവും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകലാണ് ഫാസിസത്തെ ഇല്ലാതാക്കാൻ ഏറ്റവും നല്ല വഴിയെന്നും മുസ് ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ സുബൈർ പറഞ്ഞു. മുസ് ലിം ലീഗ് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും പാദ സ്വീകരിച്ചതുകൊണ്ടാണ് കേരളത്തിൽ മുസ് ലിം പിന്നോക്ക വിഭാഗങ്ങൾക്ക് ഇത്രയേറെ ഉന്നമനത്തിലേക്ക് എത്താൻ കഴിഞ്ഞതെന്നും ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി മുസ് ലിം ലീഗ് സ്വീകരിച്ച നിലപാടുകൾ കാരണമാണ് അവരെ ഇന്നു കാണുന്നതിലേക്ക് എത്താൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരിക്കുളം പഞ്ചായത്ത് യൂത്ത് ലീഗ് യൂത്ത് മീറ്റ് മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ ഉദ്ഘാടനം ചെയ്യുന്നു

മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിൻ ഭാഗമായി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് പി.സി മുഹമ്മദ്സിറാജ്, കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ഫാസിൽ നടേരി എന്നിവർ പ്രമേയ പ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സുഹൈൽ കെ.എം അധ്യക്ഷനായി. മുസ് ലിം ലീഗ് നേതാക്കളായ ഇ.കെ അഹമ്മദ് മൗലവി, വി.വി.എം ബഷീർ, കെ.എം മുഹമ്മദ്, അമ്മദ് പൊയിലിങ്ങൽ, കെ.എം സലാം, കെ.എം സക്കറിയ, എൻ.കെ അഷ്റഫ്, ബഷീർ വടക്കയിൽ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ അർഷാദ് ഊരള്ളൂർ, സാദിക്ക് കാരയാട് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിൽ തറമ്മൽ സ്വാഗതവും സെക്രട്ടറി ശുഹൈബ് പി.സി നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe