ശംഖുമുഖം റോഡിന്റെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു

news image
Sep 18, 2021, 6:49 pm IST

qതിരുവനന്തപുരം:  കടലാക്രമണത്തെത്തുടർന്ന് തകർന്ന ശംഖുമുഖം റോഡ് സമയബന്ധിതമായി പുനർനിർമ്മിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ശംഖുമുഖം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടെത്തി വിലയിരുത്തി. ശംഖുമുഖം റോഡിന്റെ പുനരുദ്ധരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നിരുന്നു. അതിനെത്തുടർന്നാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. കടലാക്രമണം നിരന്തരം ഉണ്ടാവുന്ന സ്ഥലമായതിനാൽ താത്ക്കാലിക പരിഹാരങ്ങൾക്ക് പകരം ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് മന്ത്രി നിർദേശിച്ചിരുന്നു. അതിനാൽ പൈലിങ് നടത്തി അതിൽ ഡയഫ്രം വാൾ നിർമ്മിക്കുവാൻ തീരുമാനിച്ചു. അതിനാവശ്യമായ അധികതുക പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതു കൊണ്ടാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.


ശംഖുമുഖം ബീച്ച് പഴയ നിലയിൽ വികസിപ്പിക്കുവാൻ 6.39 കോടി രൂപയാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ചത്. ഇപ്പോൾ നിർമ്മിക്കുന്ന 245 മീറ്റർ ഡയഫ്രം വാൾ 330 മീറ്ററായി നിട്ടാനുള്ള എസ്റ്റിമേറ്റ് തയാറാക്കുവാൻ മന്ത്രി നിർദേശിച്ചു. നൂതന സാങ്കേതിക വിദ്യകൾ  ഉപയോഗിച്ച് റോഡ് നിർമ്മിക്കുന്നതിനാൽ കടലാക്രമണത്തെ അതിജീവിക്കാൻ കഴിയും. ആറു മാസമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന നിർമാണ കാലാവധി.
തീരമേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ടും ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശവും കണക്കിലേടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കുവാൻ മന്ത്രി നിർദേശിച്ചു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പ്രവർത്തന പുരോഗതി എല്ലാ ആഴ്ചയും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe