ഷിംല: ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ മുൻസിപ്പല്‍ കോർപ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. പത്ത് വർഷത്തിന് ശേഷമാണ് ഷിംല മുന്‍സിപ്പല്‍ കോർപ്പറേഷനില്‍ കോണ്‍ഗ്രസ് വിജയം നേടുന്നത്. 24 വാർഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി സ്ഥാനാർത്ഥികൾ ഒൻപത് സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥി ഒരിടത്തും വിജയിച്ചു. ആകെ 34 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
59 ശതമാനം പേരാണ് നേരത്തെ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 2022 ജൂണിൽ കോർപറേഷൻ ഭരണസമിതിയുടെ കാലാവധി തീർന്നിരുന്നു. എന്നാൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കേസുകൾ കോടതി പരിഗണനയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ഒരു വർഷത്തോളം കഴിഞ്ഞാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ പത്ത് വർഷമായി ബിജെപിയായിരുന്നു കോർപറേഷൻ ഭരിച്ചിരുന്നത്. ഇവർക്ക് വൻ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്.