ഷെയർ ചാറ്റില്‍ പരിചയപ്പെട്ട യുവതിയെ കാണാനെത്തി, യുവതി ഫോൺ ഓഫ് ചെയ്തു, വഴിതെറ്റി; യുവാവ് പൊലീസ് പിടിയില്‍

news image
Jan 11, 2023, 6:18 am GMT+0000 payyolionline.in

മലപ്പുറം: വളാഞ്ചേരിയിൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട 18 കാരിയെ തേടിയാണ് കൊല്ലം നെടുമ്പന സ്വദേശിയായ 27കാരന്‍ വളാഞ്ചേരിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ കുളമംഗലം ഉള്‍പ്രദേശത്തുള്ള വീടിന്റെ പരിസരത്ത് മതിലിന് സമീപം പതുങ്ങി നില്‍ക്കുന്ന അപരിചിതനെ കണ്ട വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

ഗള്‍ഫില്‍ പരിചയപ്പെട്ട സുഹൃത്തിനെ തേടിയാണ് വന്നതെന്നും വഴി തെറ്റിയാണ് പ്രദേശത്ത് എത്തിയതെന്നുമാണ് യുവാവ് നാട്ടുകാരോട് ആദ്യം പറഞ്ഞത്. വിശക്കുന്നുവെന്ന് അറിയിച്ചപ്പോള്‍ വീട്ടുകാര്‍ യുവാവിന് ഭക്ഷണവും കൊടുത്തു. നാട്ടുകാര്‍ ബാഗും ഫോണും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. യുവാവില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗവുമായും യുവാവിന്റെ വീട്ടുകാരുമായും ബന്ധപ്പെട്ടു.

യുവാവിന്റെ സംസാരത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വളാഞ്ചേരി പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് എസ്.എച്ച്‌.ഒ സുജിത്തിന്റെ നേതൃത്വത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലില്‍ ആണ് ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട യുവതി വിളിച്ചിട്ടാണ് താന്‍ വന്നതെന്നും വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ യുവതി ഫോണ്‍ സ്വിച്ച്‌ ഓഫാക്കിയതിനെ തുടര്‍ന്ന് വഴിതെറ്റിയാണ് പ്രദേശത്ത് എത്തിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. ആര്‍ക്കും പരാതിയില്ലാതിരുന്നതിനാല്‍ കൊല്ലത്ത് നിന്നു വന്ന ബന്ധുക്കളോടൊപ്പം യുവാവിനെ പൊലീസ് വിട്ടയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe