സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്; നേതാക്കളുടെ വീടുകളിലും പരിശോധന

news image
Sep 22, 2022, 3:02 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. അതിനിടെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

 

കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ  പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡണ്ട്  ഇ എം അബ്ദുൾ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിൻ്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. റെയ്ഡിനെതിരെ പലയിടത്തും പ്രവർത്തകരുടെ പ്രതിഷേധമുണ്ട്. തിരുവനന്തപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൽ പ്രവർത്തകർ അടിച്ചു തടയാന്‍ ശ്രമിച്ചു. കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി.

സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രതികരിച്ചു. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രസ്താവനയില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe