സംസ്ഥാനത്ത് ഒൻപത് പേർക്ക് അതിതീവ്ര കൊവിഡ്; വാക്സീനേഷൻ പാർശ്വഫലങ്ങൾ കേരളത്തിൽ ഇതുവരെയില്ല: മന്ത്രി കെകെ ശൈലജ

news image
Jan 20, 2021, 10:04 am IST

തിരുവനന്തപുരം: ലോകത്തെ ഭീതിയിലാഴ്ത്തിയ അതിതീവ്ര കൊവിഡ് സംസ്ഥാനത്ത് ഒൻപത് പേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. യുകെയിൽ നിന്ന് കേരളത്തിലെത്തിയവരാണ് ഇവർ. ഇവർ എല്ലാവരും ചികിത്സയിലാണ്. നിരീക്ഷണ സംവിധാനവും ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനവും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വാക്സീനേഷൻ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാര്യമായ പാർശ്വഫലങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 133 സെന്ററുകൾ കേരളത്തിലുണ്ട്. വാക്സീനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളത്തിൽ വാക്സീൻ സ്വീകരിക്കാതെ അധികം പേർ മാറിനിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ കൊവിഡ് വാക്സീൻ കുത്തിവയ്പിൽ മെല്ലെപ്പോക്കാണെന്നാണ് വിവരം. ലക്ഷ്യം വച്ചവരില്‍ 67 ശതമാനം മാത്രമാണ് പ്രതിദിനം ശരാശരി വാക്സീൻ സ്വീകരിക്കുന്നത്. കൊ-വിൻ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ തിരിച്ചടിയായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ. വാക്സിനേഷനായി സജ്ജമാക്കിയ 133 കേന്ദ്രങ്ങളിലായി 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സീൻ നൽകാൻ നിശ്ചയിച്ചത്.

അങ്ങനെ 13300 പേര്‍ ഒരു ദിവസം വാക്സീൻ എടുക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ കുത്തിവയ്പ് എടുക്കുന്നവരുടെ എണ്ണം ഇപ്പോഴും 9000-ൽ താഴെയാണ്. ആദ്യ ദിനം കൊവിൻ ആപ്പ് വഴിയല്ലാതെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് വാക്സീൻ നല്‍കിയത്.

കഴിഞ്ഞ ദിവസം മുതല്‍ കൊവിൻ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തവരെയാണ് കുത്തിവയ്പിനായി വിളിക്കുന്നത്. ഇവരിൽ പലര്‍ക്കും ആപ്പ് വഴിയുള്ള മെസേജ്  കിട്ടാൻ വൈകുകയാണ്. മുൻകൂട്ടി അറിയാത്തതിനാൽ പലര്‍ക്കും വാക്സീനേഷന് എത്താൻ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നുണ്ട്.  സാങ്കേതിക പ്രശ്നം തിരിച്ചറിഞ്ഞെന്നും പരിഹരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

കേരളത്തിലും തമിഴ്നാട്ടിലും വാക്സീൻ സ്വീകരിക്കുന്നതിന് വിമുഖതയുണ്ട് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ആകെ വാക്സിനേഷൻ തോത് 25 ശതമാനത്തിലും താഴെ മാത്രമാണ് എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ആരോഗ്യപ്രവർത്തകർക്കിടയിൽ വാക്സിനേഷനിലുള്ള വിശ്വാസമില്ലായ്മയാണ് പ്രശ്നമെന്ന് കേന്ദ്രസർക്കാർ പറയുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe