സംസ്ഥാനത്ത് കനത്ത മഴ; അതിരപ്പിള്ളിയില്‍ മണ്ണിടിഞ്ഞു, തലസ്ഥാനം വെള്ളത്തിൽ മുങ്ങി

news image
May 29, 2024, 5:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷം. വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി. കൊച്ചി കളമശ്ശേരിയില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ നിന്ന് ഫയര്‍ഫോഴ്സിന്‍റെ ഡിങ്കി ബോട്ടുകളില്‍ ആളുകളെ ഒഴുപ്പിക്കുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് മാറ്റുന്നത്.

24 മണിക്കൂറിനകം കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. നാളെ മുതൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയാണ്. തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നുമാണ് മുന്നറിയിപ്പ്.

വെള്ളപൊക്കഭീതിയെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. ചേപ്പാട് പറത്തറയിൽ ദിവാകരനാണ് മരിച്ചത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയിൽ വ്യാപക നാശമാണുണ്ടായത്. പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി.

നിർത്താതെ പെയ്ത മഴയിലാണ് തിരുവനന്തപുരവും കൊച്ചിയും വെള്ളക്കെട്ടിൽ മുങ്ങിയത്.  കൊച്ചി കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഗ്നിരക്ഷ സേന ആളുകളെ ഡിങ്കി ബോട്ടുകളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും വെള്ളം കയറി.

അതിരപ്പിള്ളിയില്‍ മണ്ണിടിഞ്ഞു

കനത്ത മഴയെത്തുടര്‍ന്ന് അതിരപ്പിള്ളി ആനമല പാതയില്‍ കൂറ്റന്‍ മുളങ്കാട് റോടിലേക്ക മറിഞ്ഞു വീണ് ഗതാഗത തടസ്സമുണ്ടായി. വിനോദ സഞ്ചാരികളടക്കം വഴിയില്‍ കുടുങ്ങി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേ നീരൊഴുക്കും വര്‍ധിച്ചു.തൃശൂരില്‍ കനത്ത മഴയ്ക്കിടെ ആംബുലന്‍സ് മറിഞ്ഞു. നടത്തറ ജങ്ഷനില്‍ കാറിലിടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്. രോഗിയെ കയറ്റാൻ പോയ ആംബുലന്‍സാണ് മറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe