സംസ്ഥാനത്ത് ക്ഷേമപദ്ധതികൾ നിർത്താൻ കേന്ദ്രം പറയുന്നു, അതിന് മനസില്ല: മുഖ്യമന്ത്രി

news image
Jan 17, 2023, 6:18 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്തെ സാമ്പത്തികമായി എത്രത്തോളം ഞെരുക്കാനാകുമോ അത്രയും ഞെരുക്കുകയാണ് കേന്ദ്രസർക്കാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികൾ നിർത്താനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. അതിന് മനസില്ലെന്നാണ് കേന്ദ്രസർക്കാരിനോട് തിരിച്ച് മറുപടി പറയാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തിനു മാറാൻ കഴിഞ്ഞതിൽ എൻജിഒ യൂണിയന് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഖജനാവ് നിറഞ്ഞു കവിഞ്ഞ സംസ്ഥാനമല്ല. നല്ല സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. എന്നാലും സിവിൽ സർവീസ് മേഖലയടക്കം എല്ലാവരേയും സംതൃപ്തിയോടെയാണ് സർക്കാർ മുന്നോട്ട് കൊണ്ടു പോകുന്നത്. ജനങ്ങളെ സഹായിക്കാൻ ജനപ്രതിനിധികളെ പോലെ തന്നെ സിവിൽ സർവീസിനും ഉത്തരവാദിത്വമുണ്ട്.

ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും ഒരേ മനസോടെ നീങ്ങണം. നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് സിവിൽ സർവീസ് കേരളത്തിൽ ഉയർന്നിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ കാര്യക്ഷമമാവേണ്ടതുണ്ട്. സാമ്പത്തികമായി എത്രത്തോളം ഞെരുക്കാൻ കഴിയുമോ അത്രത്തോളം ഞെരുക്കുകയാണ് കേന്ദ്ര സർക്കാർ. കിഫ്ബി പണം സംസ്ഥാന സർക്കാർ വാങ്ങുന്ന പണമായി കണക്കാക്കണമെന്ന് കേന്ദ്രം പറയുന്നു. ഇത് കേന്ദ്ര സർക്കാരിന് ബാധകമാണോ? 43% അധികം കടമെടുത്തവരാണ് കേന്ദ്രം. 25 % കടമെടുത്ത കേരളത്തെ കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും പിണറായി പറഞ്ഞു.

സംസ്ഥാന സർക്കാർ ധനകമ്മി സംസ്ഥാനത്ത് നല്ല രീതിയിൽ കുറച്ചു കൊണ്ടുവന്നിട്ടുണ്ട്. ക്ഷേമപദ്ധതികൾ നിർത്താൻ കേന്ദ്ര സർക്കാർ പറയുന്നു. അതിന് മനസില്ല എന്നാണ് മറുപടി. ജനസംഖ്യാ ആനുപാതികമായി കേന്ദ്ര സർക്കാർ സാമ്പത്തിക വിഹിതം കേരളത്തിനു നൽകുന്നില്ല. കേന്ദ്ര സർക്കാർ തരാനുള്ള 20,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാവുന്നത്. ഫെഡറൽ തത്വത്തിൽ സാമ്പത്തിക തത്വവുമുണ്ട്. 20,000 കോടി കുറഞ്ഞാൽ കേരളത്തിന് താങ്ങാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാവും. എന്നാൽ ഇതൊന്നും ജനക്ഷേമപദ്ധതികളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe