സജി ചെറിയാന്റെ പ്രസംഗം: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമെന്ന് ഹൈക്കോടതി

news image
Jan 18, 2023, 7:04 am GMT+0000 payyolionline.in

കൊച്ചി: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അപക്വമെന്ന് കേരള ഹൈക്കോടതി. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ റഫർ റിപ്പോർട്ട്. അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ടിനെതിരെ തടസ ഹർജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിവാദ മല്ലപ്പള്ളി പ്രസംഗവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു ഹര്‍ജി ഹൈക്കോടതിയിൽ വന്നിരുന്നു. അന്ന് കേസ് കോടതി തള്ളിയിരുന്നു. അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോ‍ര്‍ട്ട് സജി ചെറിയാനെ സംരക്ഷിക്കുന്നതാണെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണയിലാണെന്നും ഹ‍ര്‍ജിക്കാരന് അവിടെ ഈ ആവശ്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.

മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് അനുകൂലമായ പോലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 13 ദിവസം മുൻപ് തള്ളിയിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും കോടതി നിരാകരിച്ചു.

ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ  ഹർജിയാണ് കോടതി തള്ളിയത്. എന്നാൽ ഹർജി തള്ളിയത് കൊണ്ട് റഫർ റിപ്പോർട്ട് കോടതി അംഗീകരിച്ചതായി കരുതാനാവില്ലെന്ന്  ബൈജു നോയൽ പ്രതികരിച്ചു. കേസന്വേഷണം അവസാനിപ്പിക്കണമെന്ന പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. സജി ചെറിയാൻ ഭരണഘടനയെ ആ അധിക്ഷേപിച്ചതിന് തെളിവില്ലെന്നും വിമർശനമാണ് നടത്തിയിട്ടുള്ളതെന്നും ആയിരുന്നു പോലീസിന്റെ റഫർ റിപ്പോർട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe