സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം; അസൗകര്യമറിയിച്ച് താരം

news image
Jun 9, 2024, 5:22 am GMT+0000 payyolionline.in

തിരുവനന്തപുരം : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. എന്നാൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്.

വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷൽസ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവർ ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങിൽ പങ്കെടുക്കും.

അതേസമയം, തൃശ്ശൂരിന്റെ നിയുക്ത എംപി സുരേഷ് ഗോപി മൂന്നാം മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവിൽ തിരുവനന്തപുരത്ത് തുടരുകയാണ്. 12.30നുള്ള വിമാനത്തിൽ ദില്ലിയിലേക്ക് പോകാനാണ് ആലോചന. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നതായാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe