സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ബഹുമതികൾ മടക്കിനൽകും: മഹാവീർ ഫോഗട്ട്

news image
May 5, 2023, 11:09 am GMT+0000 payyolionline.in

ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ബഹുമതികൾ മടക്കിനൽകുമെന്ന് മുൻ അമച്വർ ഗുസ്ത്രി താരവും ദ്രോണാചാര്യ അവാർഡ് ജേതാവും ഗുസ്തി പരിശീലകനുമായ മഹാവീർ ഫോഗട്ട്. താരങ്ങളുടെ പരാതിയിൽ പോക്സോ അടക്കമുള്ള കേസുകൾ നേരിടുന്ന, ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റങ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബി.ജെ.പി എം.പിയുമായ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ സമരം നടത്തിവരികയാണ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് ഗുസ്തി താരങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. കേസിൽ നീതി ലഭിച്ചില്ലെങ്കിൽ താൻ മെഡലുകൾ തിരികെ നൽകുമെന്ന് മൂന്ന് വർഷം മുമ്പ് ബി.ജെ.പിയിൽ ചേർന്ന മഹാവീർ ഫോഗട്ട് കൂട്ടിച്ചേർത്തു.

ഗുസ്തി താരങ്ങളും പത്മശ്രീ ഉൾപ്പെടെയുള്ള അവാർഡുകളും മെഡലുകളും സർക്കാരിന് തിരികെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി ഡൽഹി പൊലീസ് മോശമായി പെരുമാറിയെന്നാരോപിച്ചാണ് താരങ്ങളുടെ പുതിയ നീക്കം. അതിനിടെ, ഹരിയാനയിലെ നിരവധി ഖാപ്പുകളും സമരം നടത്തുന്ന കായികതാരങ്ങൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ഗുസ്തി താരങ്ങളായ ബബിതയുടെയും ഗീത ഫോഗട്ടിന്റെയും പിതാവാണ് മഹാവീർ ഫോഗട്ട്. സമരത്തിന്റെ മുൻനിരയിൽ നിൽക്കുന്ന വിനേഷിന്റെ അമ്മാവൻ കൂടിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe