സമ്പൂർണം തമിഴ്നാട്, തെരഞ്ഞെടുപ്പ് ആവേശത്തിൽ രാജ്യം, ഇന്ന് നിശ്ശബ്ദ പ്രചാരണം; 102 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നാളെ

news image
Apr 18, 2024, 3:54 am GMT+0000 payyolionline.in

ദില്ലി: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിൽ രാജ്യം. 2024 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ വിധിയെഴുത്ത് നാളെയാണ്. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം വിധി കുറിക്കു. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധി കുറിക്കുന്നത്.

102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ഡി എം കെ സഖ്യം വലിയ പ്രതീക്ഷയിലാണ് ഇക്കുറി. കോൺഗ്രസിനും ഇടത് പക്ഷത്തിനും മുസ്ലിം ലീഗിനുമൊപ്പമുള്ള മുന്നണിയിലൂടെ 39 സീറ്റിലും വിജയിക്കുമെന്നാണ് ഡി എം കെയുടെ പ്രതീക്ഷ. അതേസമയം വൻ മുന്നേറ്റം ഇക്കുറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബി ജെ പിയും അണ്ണാ ഡി എം കെയും മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും ഇന്നലെ കൊട്ടിക്കലാശത്തിൽ പങ്കുചേർന്നു.

 

തമിഴ് നാട്ടിൽ പ്രത്യേക കൊട്ടിക്കലാശമില്ലെങ്കിലും ബൈക്ക് റാലികളും റോഡ്ഷോകളുമായി മുന്നണികള്‍ കളം നിറഞ്ഞു. തമിഴ്നാട്ടിലെ ദിനപത്രങ്ങളിൽ ഭരണനേട്ടങ്ങൾ വിവരിച്ചുള്ള ഒന്നാം പേജ് പരസ്യം ബി ജെ പി, ഡി എം കെ പാര്‍ട്ടികള്‍ നല്‍കിയിരുന്നു. സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി സ്റ്റാലിന്‍റെ വീഡിയോ അഭ്യർത്ഥനയും പുറത്തുവന്നിരുന്നു. കോയമ്പത്തൂരിൽ കെ അണ്ണാമലൈ റോഡ് ഷോ നടത്തി. ഉദയനിധി സ്റ്റാലിനും കോയമ്പത്തൂരില്‍ എത്തി പ്രചാരണം നടത്തി. എടപ്പാടി പളനിസാമി സേലത്താണ് പ്രചാരണം നടത്തിയത്.

രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടത്തിന്‍റെ അവസാന പ്രചാരണദിനത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മോദി റാലികൾ എത്തിയത്. രാഹുല്‍ഗാന്ധിയും കർണാടകയിലും പ്രിയങ്കഗാന്ധി ഉത്തർപ്രദേശിലും പ്രചാരണം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe