സര്‍ക്കാര്‍ സര്‍വ്വീസിന്‍റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും: മുഖ്യമന്ത്രി

news image
Jul 26, 2022, 7:33 pm IST payyolionline.in

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായതിനെ സംബന്ധിച്ച ചോദ്യങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്. ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. എന്നാല്‍, സര്‍ക്കാര്‍ സര്‍വ്വീസിന്‍റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും.

അതിന്‍റെ ഭാഗമായി ചുമതല നല്‍കിയിരിക്കുകയാണ്. ബഷീറിന്‍റെ കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. കൂടുതല്‍ ശക്തമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടൂള്ളൂ. ഇനിയും അത് തുടരും. മറ്റ് കാര്യങ്ങളില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു.

സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണുരാജിൽ നിന്നാണ് ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പതിനൊന്നരയോടെ കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. കളക്ടറേറ്റിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു. ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു.

ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ എന്ന പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത് ആദ്യമായാണ്. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ശ്രീറാം പറഞ്ഞു. എന്നാല്‍, മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.

നിയമനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു. ശ്രീറാമിനെ നിയമനത്തിനെതിരെ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടറായുള്ള നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe