പയ്യോളി : പയ്യോളി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനത എല്‍.ഡി.എഫ് സഖ്യത്തില്‍ തുടരാന്‍ തീരുമാനിച്ചു. ഡിസംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതയുടെ വോട്ടുകള്‍ വിജയ സാധ്യതക്ക് ഏറെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫ് മുന്നണിയിലുണ്ടായിരുന്ന ജനതാദള്‍, തങ്ങളെ എല്‍.ഡി.എഫ് നേതൃത്വം അവഗണിക്കുന്നു എന്ന ആരോപണം ഉയര്‍ത്തി സംസ്ഥാന തലത്തില്‍ യു.ഡി.എഫ് മുന്നണിയിലേക്ക് പോയത്. സോഷ്യലിസ്റ്റ് ജനത എന്ന പേരില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം മത്സരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പയ്യോളി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്ത സോഷ്യലിസ്റ്റ് ജനതയുടെ പ്രതിനിധികള്‍ തങ്ങളുടെ നിലപാട് യു.ഡി.എഫിലെ മറ്റു കക്ഷികളെ അറിയിക്കുകയായിരുന്നു. തെരഞ്ഞടുപ്പ് അടുത്തെത്തിയിട്ടും മുന്നണി ബന്ധങ്ങളിലെ അവ്യക്തത തുടരുന്നതിനെടെയാണ് നാടകീയമായി സോഷ്യലിസ്റ്റ് ജനത പ്രഖ്യാപനം നടത്തിയത്. പതിറ്റാണ്ടുകളായി എല്‍.ഡി.എഫിന്റെ കയ്യിലാണ് ബാങ്ക്. തെരഞ്ഞെടുപ്പ് നടക്കാതെ ഏകപക്ഷീയമായി ഭരണസമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ല സഹകരണ ബാങ്ക് ഡയറക്ടര്‍ പുനത്തില്‍ ഗോപാലന് മാസ്റ്ററാണ് നിലവിലെ സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ്. പയ്യോളി പഞ്ചായത്ത് ഭരണസമിതിയില്‍ സോഷ്യലിസ്റ്റ് ജനത യു.ഡി.എഫിനൊപ്പമാണ്. ആകെ ഒരംഗം മാത്രമുള്ള സോഷ്യലിസ്റ്റ് ജനതക്ക് സ്റ്റാണ്ടിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനം യു.ഡി.എഫ് നല്‍കുകയും ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലും ആകെയുള്ള എസ്.ജെ.ഡി.അംഗത്തിന് ഇതേ പദവി നല്‍കിയിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനതക്ക് സ്വാധീനമുള്ള ബാങ്ക് തെരഞ്ഞെടുപ്പില്‍ മുന്നണി മാറി പ്രവര്‍ത്തിക്കുന്നതില്‍ കോണ്‍ഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്.
യു.ഡി.എഫ്. യോഗത്തില്‍ പി.വി. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പടന്നയില്‍ പ്രഭാകരന്, മഠത്തില്‍ നാണു മാസ്റ്റര്‍, മഠത്തില്‍ അബ്ദുറഹിമാന്, പി.ബാലകൃഷ്ണന്, പുനത്തില്‍ ഗോപാലന് മാസ്റ്റര്‍, വള്ളില്‍ മോഹന്‍ദാസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
തങ്ങള്‍ക്ക് തീരെ വിജയ സാധ്യത ഇല്ലത്താതിനാല്‍ മുന്‍ കാലങ്ങളില്‍ പലപ്പോഴും യു.ഡി.എഫ്. സര്‍വ്വീസ് ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനതയുടെ ഭാഗത്ത് നിന്നുണ്ടായ ഈ നിലപാട് മാറ്റത്തെ തുടര്‍ന്ന് എന്ത് സംഭവിച്ചാലും ശക്തമായ മത്സരം കാഴ്ചവെക്കണം എന്നുള്ള വികാരമാണ് കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക്.
ഈ വികാരം മുതലെടുത്ത് പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പില്‍ സജ്ജരാക്കാന്‍ വേണ്ടി കോണ്‍ഗ്രസ്സ് പ്രത്യേക കണ്‍വെന്‍ഷനും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 18 ന് വൈകുന്നേരം പയ്യോളി വ്യാപാരഭവന് ഹാളിലാണ് ബാങ്ക് തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പ്രത്യേക കണ്വെന്ഷന് വിളിച്ചു ചേര്‍ത്തിരിക്കുന്നത്.