സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം

news image
Sep 26, 2022, 7:41 am GMT+0000 payyolionline.in

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെർണാണ്ടസിന് ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. ഇന്ന് കോടതി ആവശ്യപ്പെട്ടതനുസരിച്ച് നടി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. പ്രമുഖ ബിസിനസ് ഗ്രൂപ്പ് ഉടമയുടെ ഭാര്യയില്‍ നിന്നും  ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖർ ഇരുന്നൂറ് കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ നേരത്തെ ഇഡി നടിയെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.

 

ഇരുന്നൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത പണമുപയോഗിച്ച് സുകേഷ് നടിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങി നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ദില്ലി പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞയാഴ്ച നടിയെ ചോദ്യം ചെയ്‍തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്.

സുകേഷ് ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുകയും ചെയ്‍തിരുന്നു. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്‍റെ പങ്കാളിയായിരുന്നു സുകേഷ്. ഈ കേസിൽ ലീനാ മരിയ പോളിനെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

നടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്‍റെ വെളിപ്പെടുത്തൽ. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ തന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്ന് അഭ്യർത്ഥിച്ച് ജാക്വിലിൻ രം​ഗത്തെത്തിയിരുന്നു. നീതി നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാക്വിലിൻ ഫെര്‍ണാണ്ടസ് സാമൂഹ്യമാധ്യത്തിലൂടെ പ്രതികരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe