കൊച്ചി : സിനിമാ മേഖലയിലെ ലഹരി ഉപയോഗം പരസ്യമായ രഹസ്യമായിട്ടും ചെറുസംഘങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ് പരിശോധനയും അന്വേഷണങ്ങളും ഇപ്പോഴും നടക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിൽ കൊച്ചിയിൽ നാല് ജൂനിയർ ആർടിസ്റ്റുകൾ അടക്കം അഞ്ച് പേരാണ് പിടിയിലായത്. പിടിയിലായവർ സിനിമാ മേഖലയിലെ വിതരണക്കാരാണെന്ന് എക്സൈസ് പറയുമ്പോഴും ഏതൊക്കെ ലൊക്കേഷനുകളിൽ, ആർക്കൊക്കെ വിതരണം ചെയ്തുവെന്നതിൽ അന്വേഷണം മുന്നോട്ട് പോയിട്ടില്ല.
രാസ ലഹരിയുടെ രസത്തിൽ മയങ്ങുന്ന വമ്പന്മാരെ പിടിക്കാൻ വലയൊരുങ്ങിയെന്നാണ് സിനിമാ സംഘടനകൾ പറയുന്നത്. എന്നാൽ എക്സൈസിന്‍റെ വലയിൽ കുരുങ്ങുന്നത് ചെറിയ മീനുകൾ മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2022 ആഗസ്റ്റ് 17 നാണ് എട്ടര ഗ്രാം എംഡിഎംഎയുമായി ട്രാൻസ്ജന്‍റർ ദീക്ഷ പിടിയിലാകുന്നത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്ന ദീക്ഷയുടെ മൊഴിക്ക് പിന്നാലെ അന്വേഷണം എത്തിയത് മോഡലായ റോസ് ഹെമ്മയെന്ന ഷെറിൻ ചാരുവിലേക്കായിരുന്നു. 2023 മാർച്ച് 24ന് ഇടപള്ളിയിൽ വച്ച് 2.25 ഗ്രാം എംഡിഎംഎയുമായി ഷെറിൻ പിടിയിലാകുന്നത്. സിനിമാ മേഖലയിൽ വിപുലമായ ബന്ധങ്ങളുള്ള ഷെറിന്‍റെ മയക്കുമരുന്ന് ഇടപാടുകാർ ആരൊക്കെ എന്നതിൽ ഒരുമാസത്തിനിപ്പുറവും ഉത്തരം കണ്ടെത്താൻ പൊലീസ് തുനിഞ്ഞിട്ടില്ല.