ശിക്ഷയനുഭവിക്കുന്ന എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ജാമ്യഹരജി പരിഗണിക്കുന്നത് സെപ്റ്റംബർ നാലിലേക്ക് മാറ്റി. ഭാര്യയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സിസോദിയ ഹരജി നൽകിയത്.
എന്നാൽ ഇടക്കാല ജാമ്യഹരജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് സിസോദിയയുടെ ഭാര്യയുടെ മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വിലയിരുത്തി. തുടർന്ന് ഹരജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.
സിസോദിയ നേരത്തേ സമർപ്പിച്ച ജാമ്യഹരജിക്കൊപ്പം ഈ ഹരജിയും പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയച്ചത്. സിസോദിയയുടെ ജാമ്യഹരജിയിൽ പ്രതികരണം അറിയിക്കണമെന്ന് ജൂലൈ 14ന് സുപ്രീംകോടതി ഇ.ഡിയോടും സി.ബി.ഐയോടും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മദ്യനയ അഴിമതിയുടെ സൂത്രധാരനും ശിൽപിയുമായതിനാൽ സിസോദിയയുടെ ജാമ്യഹരജി തള്ളണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.