സിൽവർ ലൈൻ റെയിൽ പദ്ധതിക്കെതിരെ ചേമഞ്ചേരിയില്‍ ജനകീയ സമിതിയുടെ ധര്‍ണ്ണ

news image
Sep 16, 2021, 3:29 pm IST

കൊയിലാണ്ടി :  കേരള സർക്കാരിന്റെ നിർദിഷ്ട അർദ്ധ അതിവേഗ സിൽവർ ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന നിരന്തര സമരത്തിന്റെ ഭാഗമായി മുനിസിപ്പൽ, പഞ്ചായത്ത്‌ തലങ്ങളിൽ‌ ധർണ്ണ നടത്തി.

ചേമഞ്ചേരി പഞ്ചായത്ത്‌ ഓഫീസിൽ നടത്തിയ‌ ധർണ്ണ വിജയ രാഘവൻ മാസ്റ്റർ ചേലിയ ഉദ്ഘാടനം ചെയ്തു. ഇത് പോലുള്ള ജനകീയ സമരങ്ങളെ ശക്തമായി എതിർക്കുകയും പിന്നീട് ആ സമരങ്ങൾ വിജയിക്കുന്ന വേളയിൽ അതിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന രീതിയാണ് കേരളം ഇന്നേ വരെ കണ്ടിട്ടുള്ളതെന്നും ജനിച്ച നാടിനും വീടിനും പരിസ്ഥിതിക്കും വേണ്ടി നടത്തുന്ന ഈ സമരം ഒരു തരത്തിൽ പറഞ്ഞാൽ സ്വാതന്ത്ര്യ സമരത്തിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

പദ്ധതിക്കെ തിരെ ഒരു വർഷത്തിലധികമായി നടക്കുന്ന സമരങ്ങളിൽ സമര ഭടന്മാരുടെ സഹനശക്തിയും ക്ഷമയുമാണ് കാണാവുന്നതെന്നും ഈ ജനകീയ സമരങ്ങൾക്ക് മുന്നിൽ ഗവൺമെന്റിന് മുട്ട് മടക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ടി ടി ഇസ്മായിൽ അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, സി കെ രാജലക്ഷ്മി, പി കെ ഷിജു, ശ്രീജ കണ്ടിയിൽ, നജീബ്‌ അഭിലാഷ്‌, പ്രവീൺ ചെറുവത്ത്‌ തുടങ്ങിയവർ സംസാരിച്ചു.

കെ റെയിൽ ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ കെ മൂസക്കോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ
കോഡിനേറ്റർ സുനീഷ് കീഴാരി നന്ദി പാഞ്ഞു. കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌ സ്ത്രീകൾ ഉൾപ്പടെ നിരവധി സമര ഭടന്മാർ ധർണ്ണയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe